ന്യൂഡെൽഹി : രാജ്യത്തെ 50 ശതമാനം ആളുകളും മാസ്ക് ധരിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന പഠനങ്ങൾ പുറത്ത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം മാസ്ക് ധരിക്കുന്ന ആളുകളിൽ 64 ശതമാനം ആളുകളും ശരിയായ രീതിയിലല്ല മാസ്ക് ധരിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നുണ്ട്.
രാജ്യത്ത് നിലവിൽ കോവിഡ് രണ്ടാം തരംഗം വലിയ രീതിയിലാണ് വ്യാപിക്കുന്നത്. രണ്ടാം തരംഗം ഇത്രയും രൂക്ഷമാകാനുള്ള പ്രധാന കാരണം ആളുകൾ മാസ്ക് ധരിക്കാൻ കാണിക്കുന്ന വിമുഖതയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
മാസ്ക് ധരിക്കുന്ന ആളുകൾ പലരും മൂക്കിന് താഴെയായാണ് മാസ്ക് വെക്കുന്നത്. ഇത്തരത്തിൽ ധരിക്കുന്നത് കൊണ്ട് പ്രയോജനമില്ലെന്നും, മാസ്ക് ശരിയായി ധരിക്കുകയും സാമൂഹിക അകലം കൃത്യമായി പാലിക്കുകയുമാണ് വൈറസ് വ്യാപനം തടയാൻ പ്രധാനമായും ചെയ്യേണ്ടതെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു.
Read also : ലിനിയുടെ ഓർമകൾക്ക് മരണമില്ല; ത്യാഗത്തിന് കേരളം ഒന്നടങ്കം കടപ്പെട്ടിരിക്കുന്നു; മുഖ്യമന്ത്രി







































