മലപ്പുറം: ജില്ലയിൽ തെരുവ് നായയുടെ ആക്രമണത്തിൽ പെട്ടാൽ തുടർ ചികിൽസക്ക് ധനസഹായവുമായി പൊന്നാനി നഗരസഭ. തെരുവ് നായയുടെ കടിയേറ്റാൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതോടെ നഗരസഭാധ്യക്ഷന്റെ ദുരിതാശ്വാസ നിധിയിൽ നിന്നും 5000 രൂപയാണ് സഹായമായി ലഭിക്കുന്നത്. നഗരത്തിൽ തെരുവ് നായകളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് വ്യത്യസ്തമായ പദ്ധതിയുമായി നഗരസഭ അധികൃതർ രംഗത്ത് വന്നിരിക്കുന്നത്.
തെരുവ് നായകളുടെ കടിയേൽക്കുന്ന ആളുകൾക്ക് സഹായം നൽകാനുള്ള തീരുമാനം കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിലാണ് എടുത്തത്. കൂടാതെ 5 പേർക്ക് ഇതിനോടകം സഹായം ലഭ്യമാക്കാനുള്ള നടപടികളും ആയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച നഗരത്തിൽ നായകളുടെ ആക്രമണത്തിന് ഇരയായ ആളുകളുടെ അപേക്ഷകളാണ് ഇപ്പോൾ പരിഗണിച്ചത്.
അതേസമയം നഗരത്തിൽ നിലവിൽ തെരുവ് നായകളുടെ ആക്രമണം വലിയ രീതിയിൽ വർധിച്ച സാഹചര്യത്തിൽ, ഇത് ഒഴിവാക്കാൻ ശാശ്വത നടപടികൾ ആരംഭിക്കാൻ തീരുമാനിച്ചതായും നഗരസഭ അധികൃതർ വ്യക്തമാക്കി.
Read also: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; കേന്ദ്രത്തോട് എകെ ശശീന്ദ്രൻ





































