കീവ്: യുക്രൈൻ ഡ്രോണാക്രമണത്തിന് തിരിച്ചടി നൽകി റഷ്യ. യുക്രൈൻ തലസ്‌ഥാനമായ കീവിൽ ഇന്ന് പുലർച്ചെ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ആറുപേർ കൊല്ലപ്പെട്ടു. 80 പേർക്ക് പരിക്കേറ്റതായാണ് വിവരം.
നേരത്തെ റഷ്യൻ വ്യോമാക്രമണങ്ങൾക്ക് നേരെ യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം. രാജ്യത്തുടനീളം ശക്‌തമായ സ്‌ഫോടനങ്ങളാണ് ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് അടിയന്തിര രക്ഷാപ്രവർത്തകരും ഉൾപ്പെടുന്നുവെന്ന് യുക്രൈൻ പ്രസിഡണ്ട് വൊളോഡിമർ സെലൻസ്‌കി പറഞ്ഞു.
യുക്രൈനിലെ സാധാരണക്കാരെ അക്രമിച്ചുകൊണ്ടാണ് റഷ്യ അവരുടെ യുദ്ധവിമാനങ്ങൾ തകർത്തതിന് പ്രതികാരം ചെയ്‌തത് എന്നാണ് യുക്രൈൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ പറഞ്ഞത്. റഷ്യയുടെ ആക്രമണത്തിൽ ബഹുനില കെട്ടിടങ്ങൾക്കും ഊർജ മേഖലയിലെ അടിസ്‌ഥാന സൗകര്യങ്ങൾക്കും കേടുപാടുകൾ ഉണ്ടായെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
ഈ മാസം ഒന്നിനായിരുന്നു റഷ്യയിൽ വ്യോമതാവളങ്ങൾ ലക്ഷ്യമിട്ട് യുക്രൈൻ വൻ ഡ്രോണാക്രമണം നടത്തിയത്. റഷ്യയ്‌ക്ക് നേരെ യുക്രൈൻ നടത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ ഡ്രോൺ ആക്രമണങ്ങളിൽ ഒന്നായിരുന്നു അത്. 40ഓളം റഷ്യൻ വിമാനങ്ങളാണ് ആക്രമിച്ചത്. യുക്രൈനിൽ നിന്ന് 4000 കിലോമീറ്ററിലധികം അകലെ, കിഴക്കൻ സൈബീരിയയിലെ ഇർകുട്‌സ്‌ക് മേഖലയിലുള്ള ബെലായ, ഒലെന്യ വ്യോമതാവളങ്ങളടക്കം യുക്രൈൻ ആക്രമിച്ചെന്നാണ് വിവരം.
Most Read| ജി-7 ഉച്ചകോടിയിലേക്ക് മോദിയെ ക്ഷണിച്ച് മാർക്ക് കാർണി