തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന ‘സായംപ്രഭ’ പദ്ധതിക്കായി 61,82,350 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. സായംപ്രഭാ ഹോമുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
വയോജനങ്ങള്‍ക്ക് പകല്‍ സമയങ്ങളില്‍ നേരിടുന്ന ഒറ്റപ്പെടല്‍, വിരസത, സുരക്ഷയില്ലായ്മ തുടങ്ങിയവ മൂലം ഉണ്ടായേക്കാവുന്ന ശാരീരികവും മാനസികവും, സാമൂഹികവുമായ നിരവധി പ്രശ്നങ്ങള്‍ മുന്നില്‍ കണ്ട് അതിന് പരിഹാരമായാണ് സർക്കാർ സായംപ്രഭ പദ്ധതി നടപ്പിലാക്കിയത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന പകല്‍ പരിപാലന കേന്ദ്രങ്ങളെ നിലവിലുള്ള സൗകര്യങ്ങള്‍ക്ക് പുറമേയാണ് സായംപ്രഭാ ഹോമുകളാക്കി മാറ്റിയത്. കെയര്‍ ഗീവര്‍മാരുടെ സേവനം, പോഷകാഹാരം നല്കല്, യോഗ, മെഡിറ്റേഷന്‍, കൗണ്‍സിലിംഗ്, നിയമ സഹായങ്ങള്‍, വിനോദോപാധികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സാമൂഹ്യനീതി വകുപ്പ് വയോജനങ്ങള്‍ക്കായി നടപ്പിലാക്കിയ വയോമിത്രം പരിപാടികള്‍ക്ക് ‘ദേശിയ വയോശ്രേഷ്ഠ സമ്മാന്‍’ പുരസ്കാരം ലഭിച്ചിരുന്നു. സായംപ്രഭ, വയോമിത്രം തുടങ്ങിയ പദ്ധതികളിലൂടെ വയോജനങ്ങള്‍ക്ക് വളരെയധികം പ്രയോജനമാണ് ലഭിക്കുന്നത്. നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും വ്യാപിപ്പിച്ചു കഴിഞ്ഞ വയോമിത്രം പദ്ധതി ഇപ്പോള്‍ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുകയാണ്.
Read Also: ‘രാമക്ഷേത്രത്തിനായി ധനം സമാഹരിക്കുന്നതിന് പകരം ഇന്ധനവില കുറക്കൂ’; കേന്ദ്രത്തിനെതിരെ ശിവസേന






































