ഷിരൂർ: മൂന്ന് മാസങ്ങൾക്ക് മുൻപ് ജൂലൈ 16 നാണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ ട്രെക്ക് ഡ്രെെവർ അർജുനെ കർണാടകയിലെ ഉത്തരകന്നഡ ജില്ലയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതാകുന്നത്.
അർജുന്റെ ലോറി ഇന്ന് കണ്ടെത്തി. ലോറിയുടെ കാബിനിൽനിന്ന് എസ്‌ഡിആർഎഫ് മൃതദേഹാവശിഷ്‌ടങ്ങൾ പുറത്തെടുത്തു. മൃതദേഹഭാഗങ്ങൾ ബോട്ടിലേക്ക് മാറ്റി. ഗംഗാവലിപ്പുഴയിൽ ഡ്രഡ്‌ജർ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് അർജുന്റെ ലോറി കണ്ടെത്തിയത്.
ലോറി തന്റേതെന്ന് ഉടമ മനാഫ് തിരിച്ചറിഞ്ഞു. ജൂലൈ പതിനാറിനുണ്ടായ മണ്ണിടിച്ചിലിൽ അർജുൻ ഓടിച്ചിരുന്ന ലോറിയുൾപ്പെടെ കാണാതായിരുന്നു. തുടർന്ന് മുങ്ങൽ വിദഗ്‌ധൻ ഈശ്വർ മൽപെ ഉൾപ്പെടെയുള്ളവർ തിരച്ചിലിന് ഇറങ്ങിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. 72ആം ദിവസമാണ് ലോറി കണ്ടെത്തിയത്.
‘അർജുന് എന്റെ മുകളിൽ ഒരു വിശ്വാസം ഉണ്ടായിരുന്നു. എന്തുപറ്റിയാലും ഞാൻ ഉണ്ടെന്ന്. ഞാൻ കുടുംബത്തോടുള്ള വാക്ക് പാലിച്ചിരിക്കുകയാണ്. അവനെ അവന്റെ വീട്ടിലെത്തിക്കണം. അഛനു കൊടുത്ത വാക്ക് പാലിക്കുകയാണ്. വണ്ടി പൊന്തിച്ച് അവനെ ഇറക്കി എത്രയും വേഗം നടപടികൾ പൂർത്തിയാക്കി വീട്ടിലെത്തിക്കണം. എനിക്ക് വണ്ടിയും തടിയും ഒന്നും വേണ്ട. ’’ -ലോറി ഉടമ മനാഫ് പറഞ്ഞു.
ജൂലൈ 16നാണ് അർജുനെ കാണാതായത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരച്ചില്‍ തുടര്‍ന്നു കൊണ്ടിരുന്നത്. ശക്‌തമായ മഴയും അടിയൊഴുക്കും മൂലം തെരച്ചില്‍ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇപ്പോള്‍ ലോറിയും അര്‍ജുന്റെ മൃതദേഹവും കണ്ടെത്തിയിരിക്കുന്നത്.
എല്ലാവർക്കുമുള്ള ഉത്തരം ഇതോടെ ലഭിച്ചെന്ന് അർജുന്റെ സഹോദരീഭർത്താവ് ജിതിൻ പറഞ്ഞു. അർജുനു വേണ്ടിയുള്ള തിരച്ചിൽ തുടങ്ങിയതു മുതൽ ജിതിൻ ഷിരൂരിൽ ഉണ്ട്. ‘‘കുടുംബത്തെ സംബന്ധിച്ചിടത്തോളം അർജുൻ തിരിച്ചുവരില്ലെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. പക്ഷേ എന്തെങ്കിലും അവശേഷിപ്പ് കണ്ടെത്തുക എന്നുള്ളതായിരുന്നു പ്രധാനം.’’ -ജിതിൻ പറഞ്ഞു.
MOST READ | ഹേമ കമ്മിറ്റി റിപ്പോർട്; ദേശീയ വനിതാ കമ്മീഷൻ കേരളത്തിലേക്ക്- പരാതിക്കാരെ കാണും