ന്യൂഡെൽഹി: 78ആം സ്വാതന്ത്രദിനാഘോഷ നിറവിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാവിലെ ഏഴ് മണിയോടെ രാജ്‌ഘട്ടിലെത്തി ഗാന്ധി സ്‌മൃതിയിൽ പുഷ്‌പ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു.
സ്വാതന്ത്ര സമര സേനാനികളെ അനുസ്‌മരിച്ച് കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. നമ്മുടെ കർഷകരും ജവാൻമാരുമൊക്കെ രാഷ്‌ട്ര നിർമാണത്തിലെ പങ്കാളികളാണെന്നും സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ പുണ്യ സ്‌മരണക്ക് മുമ്പിൽ ആദരം അർപ്പിക്കുന്നുവെന്നും മോദി പറഞ്ഞു. പ്രകൃതി ദുരന്തങ്ങളിൽ ജീവൻ പൊലിഞ്ഞവരെ വേദനയോടെ സ്‌മരിക്കുന്നുവെന്നും രാജ്യം അവർക്കൊപ്പം നിൽക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊളോണിയൽ ഭരണത്തിനെത്തിയ നീണ്ട പോരാട്ടം രാജ്യം നടത്തി. സ്വാതന്ത്ര്യമെന്ന ഒരേ ഒരു ലക്ഷ്യമേ ആ പോരാട്ടത്തിന് പോരാട്ടത്തിന് ഉണ്ടായിരുന്നുള്ളൂ. 2047ൽ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിച്ചിരിക്കും. അതിനായി നീണ്ട പരിശ്രമം വേണമെന്നും ഓരോ പൗരന്റെയും സ്വപ്‌നം അതിൽ പ്രതിഫലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘വികസിത ഭാരതം @ 2047‘ എന്നതാണ് ഈ വർഷത്തെ സ്വാതന്ത്രദിന പ്രമേയം. കർഷകർ, സ്‌ത്രീകൾ, ഗോത്രവിഭാഗത്തിൽ നിന്നുള്ളവരടക്കം 6000 പേരാണ് ഇത്തവണ ചടങ്ങിൽ വിശിഷ്‌ടാതിഥികളായി പങ്കെടുത്തത്. വിവിധ സംസ്‌ഥാനങ്ങളിലെ രണ്ടായിരത്തോളം കലാകാരൻമാരും ചെങ്കോട്ടയിൽ പരിപാടികൾ അവതരിപ്പിച്ചു.
പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചവർക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. അതേസമയം, ജമ്മുവിലെ ഭീകരാക്രമണങ്ങളുടെ പശ്‌ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഡെൽഹിയിൽ ഒരുക്കിയിരിക്കുന്നത്. പഞ്ചാബിലും ജമ്മുവിലും ഐഎസ്‌ഐ പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘങ്ങൾ സ്വാതന്ത്രദിന ആഘോഷങ്ങൾ തടസപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്. വിഐപികൾക്കും, പ്രധാന മന്ദിരങ്ങൾ, ജനങ്ങൾ കൂടുന്ന സ്‌ഥലങ്ങളിൽ സുരക്ഷ ശക്‌തമാക്കി.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ