ഡെൽഹി: 18 മുതൽ 44 വയസുവരെ ഉളളവർക്കുള്ള വാക്‌സിനേഷൻ തിങ്കളാഴ്‌ച ആരംഭിക്കുമെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഈ വിഭാഗത്തിൽ ഇന്ന് ഒരു സെന്ററിൽ മാത്രമാണ് കോവിഡ് വാക്‌സിൻ വിതരണം തുടങ്ങിയത്. ഇത് പ്രതീകാത്‌മകമായി മാത്രമാണ്.
4.5 ലക്ഷം വാക്‌സിൻ ഡോസുകൾ ലഭിച്ചുവെന്നും അത് തിങ്കളാഴ്‌ച മുതൽ എല്ലാ ജില്ലികളിലുമായി വിതരണം ചെയ്യുമെന്നും കെജ്‌രിവാൾ വ്യക്‌തമാക്കി. അതിനിടെ വാക്‌സിനെടുക്കാൻ രജിസ്‌റ്റർ ചെയ്‌തവർ മാത്രമേ വരാൻ പാടുള്ളൂവെന്നും അദ്ദേഹം പറഞ്ഞതായി എൻഡിടിവി റിപ്പോർട് ചെയ്യുന്നു.
നേരത്തെ മെയ് ഒന്നു മുതൽ 18 മുതൽ 44 വരെയുള്ളവർക്കുള്ള വാക്‌സിനേഷൻ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്‌തമാക്കിയിരുന്നു. എന്നാൽ ഇതിനാവശ്യമായ വാക്‌സിനുകൾ സംസ്‌ഥാന സർക്കാരുകളും സ്വകാര്യ ആശുപത്രികളും നിർമാതാക്കളിൽ നിന്ന് നേരിട്ട് വാങ്ങാമെന്നുമായിരുന്നു കേന്ദ്രം വ്യക്‌തമാക്കിയത്.
കോവിഡ് വാക്‌സിന്റെ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടി ഈ പ്രായ പരിധിയിൽ ഉളളവർക്കുള്ള വാക്‌സിനേഷൻ കേരളമടക്കമുള്ള സംസ്‌ഥാനങ്ങൾ ആരംഭിച്ചിട്ടില്ല. മഹാരാഷ്‌ട്രയും തമിഴ്‌നാടും മധ്യപ്രദേശ് അടക്കമുള്ള സംസ്‌ഥാനങ്ങളെല്ലാം ഇതേ കാര്യം ആവർത്തിക്കുകയാണ്. എല്ലാ സംസ്‌ഥാനങ്ങളും വാക്‌സിന് ഓർഡർ നൽകിയെങ്കിലും ആർക്കും ലഭിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടില്ല.
Also Read: 125 ടൺ മെഡിക്കൽ സഹായവുമായി അമേരിക്ക; ഇന്ന് ഇന്ത്യയിലെത്തും







































