പാലക്കാട്: ഉച്ച കഴിഞ്ഞുള്ള പാൽ സംഭരണം മിൽമ നിർത്തിവച്ചതോടെ പ്രതിസന്ധിയിലായ ക്ഷീര കർഷകർക്ക് താങ്ങായി ഈശ്വരമംഗലം ക്ഷീര സംഘം. ക്ഷീര കർഷകരിൽ നിന്ന് ലിറ്ററിന് 20 രൂപക്ക് പാൽ വാങ്ങി കോവിഡ് രോഗികൾക്ക് നൽകാനാണ് തീരുമാനം.
ശ്രീകൃഷ്‌ണപുരം സർക്കാർ എഞ്ചിനിയറിങ് കോളേജിലെ കരുതൽവാസ കേന്ദ്രത്തിലെ കോവിഡ് രോഗികൾക്കാണ് ഈ പാൽ നൽകുക. ക്ഷീര സംഘം ഡയറക്‌ടർമാരും പൊതുജനങ്ങളും ചേർന്ന് ഇതിനുള്ള തുക കണ്ടെത്തും. 110 ലിറ്റർ പാലാണ് ഈശ്വരമംഗം സംഘത്തിൽ ഒരുദിവസം അളക്കുന്നത്.
20 കർഷകരാണ് ഇപ്പോൾ സംഘത്തിൽ പാലളക്കുന്നത്. ബുധനാഴ്‌ച ലഭിച്ച 14 ലിറ്റർ പാൽ വൈകുന്നേരം കോവിഡ് കരുതൽവാസ കേന്ദ്രത്തിലേക്ക് കൈമാറി. സിപിഐ ശ്രീകൃഷ്‌ണപുരം ലോക്കൽ കമ്മിറ്റി മുൻകൈയെടുത്താണ് പദ്ധതി നടപ്പാക്കുന്നത്.
ഈശ്വരമംഗലം ക്ഷീര സംഘം പ്രസിഡണ്ട് എപി രാമചന്ദ്രനിൽ നിന്ന് പാൽ സ്വീകരിച്ച് ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് സി രാജിക പദ്ധതി ഉൽഘാടനം ചെയ്‌തു. വാർഡ് അംഗം കെ കോയ ചടങ്ങിൽ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം സുകുമാരൻ, എംകെ ദ്വാരകാനാഥ്, വിഎം ഗോപാലകൃഷ്‌ണൻ, എപി ഗിരീഷ് എന്നിവർ സംസാരിച്ചു.
Malabar News: മലപ്പുറം ജില്ലയില്‍ കോവിഡ് രോഗികള്‍ക്കായി വെന്റിലേറ്റര്‍ സൗകര്യം അപര്യാപ്‌തം







































