മലപ്പുറം: ആനക്കയത്ത് കെഎസ്ആർടിസി ജീവനക്കാരന്റെ ബൈക്ക് പോലീസ് അനാവശ്യമായി പിടിച്ചെടുത്തതായി പരാതി. മലപ്പുറം കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ അബ്ദുൾ റഷീദാണ് പരാതിയുമായി രംഗത്തെത്തിയത്. മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പോലീസ് പരിശോധന കർശനമാണ്. എന്നാൽ, അത്യാവശ്യ വിഭാഗത്തിൽ ഉൾപ്പെടുത്തിയ രേഖകളുണ്ടായിട്ടും ബൈക്ക് പോലീസ് പിടിച്ചുവെച്ചുവെന്നും വീട്ടിലേക്ക് നടന്നുപോകാൻ ആവശ്യപ്പെട്ടുവെന്നും അബ്ദുൾ റഷീദ് പറയുന്നു.
കോവിഡുമായി ബന്ധപ്പെട്ട് ആരോഗ്യപ്രവർത്തകരെ ആശുപത്രിയിലേക്കും മറ്റും കൊണ്ടുപോകുന്ന പ്രത്യേക ബസുകളിലാണ് അബ്ദുൾ റഷീദിന്റെ ഡ്യൂട്ടി. നടന്ന് പോകുന്നതിനിടെ ശാരീരിക അവശതകൾ ഉണ്ടായതിനെ തുടർന്ന് അടുത്തുള്ള കടത്തിണ്ണയിൽ ഇരിക്കേണ്ട അവസ്ഥ വന്നെന്നും അബ്ദുൾ റഷീദ് പറഞ്ഞു.
വീണ് മരിച്ചാലും കുഴപ്പമില്ല,നടന്ന് പോകാൻ പോലീസ് പറഞ്ഞതായും ഇദ്ദേഹം ആരോപിക്കുന്നു. സംഭവത്തിൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ കെഎസ്ആർടിസി വർക്കേഴ്സ് അസോസിയേഷൻ തീരുമാനിച്ചതായാണ് വിവരം.
Also Read: യാസ് ചുഴലിക്കാറ്റ്; 7 ട്രെയിൻ സർവീസുകൾ കേരളത്തിൽ റദ്ദാക്കി









































