തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിൽപനക്കായി സർക്കാർ ഏർപ്പെടുത്തിയിരുന്ന ബെവ്ക്യൂ ആപ്പ് പുനരാരംഭിക്കാൻ ആലോചന. ലോക്ക്ഡൗൺ അവസാനിച്ചാൽ വീണ്ടും മദ്യശാലകൾ തുറക്കുമ്പോൾ ഉണ്ടാവുന്ന തിരക്ക് ഒഴിവാക്കാനാണ് നടപടി. ഔട്ട്ലെറ്റുകൾ അടച്ചിട്ടതോടെ ബെവ്കോയ്ക്ക് വലിയ വരുമാന നഷ്ടമാണുണ്ടായത്.
അതിനാൽ ലോക്ക്ഡൗൺ പിൻവലിച്ചാൽ ഉടൻ മദ്യശാലകൾ തുറന്നേക്കും. ബെവ്ക്യൂ ആപ്പ് പുനരാരംഭിക്കാൻ എക്സൈസിന്റെ അനുമതി ലഭിച്ചതായാണ് സൂചന. പെട്ടെന്ന് തുറക്കുമ്പോൾ വലിയ തിരക്ക് ഔട്ട്ലെറ്റുകളിൽ ഉണ്ടാകുമെന്ന ആശങ്ക സർക്കാരിനുമുണ്ട്. അതിനാലാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ചത്.
2020 മെയ് 27നാണ് ബെവ്ക്യൂ ആപ്പിന് തുടക്കമിട്ടത്. തുടക്കത്തിൽ വ്യാപക പരാതികൾ ഉയർന്നെങ്കിലും പിന്നീട് അവ പരിഹരിക്കുകയായിരുന്നു. എന്നാൽ ബെവ്ക്യൂ ആപ്പിലേക്ക് ടോക്കണുകൾ നൽകുന്നതിന് പകരം ടോക്കണുകൾ പോകുന്നത് ബാറുകളിലേക്കാണ് എന്ന ആരോപണവും കഴിഞ്ഞ തവണ ഉയർന്നിരുന്നു.
ഇത്തരം പരാതികളെല്ലാം പരിഹരിച്ചാകും ആപ്പ് പുനരാരംഭിക്കുക. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉടൻ ഉണ്ടാകും. സംസ്ഥാനത്ത് ബെവ്കോ ഔട്ട്ലെറ്റുകൾ അടച്ചിട്ടതോടെ ഇതുവരെ ആയിരം കോടിയുടെ വരുമാന നഷ്ടമാണ് സർക്കാരിന് ഉണ്ടായത്.
Read Also: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു; വിഡി സതീശനെതിരെ പരാതി







































