കൊച്ചി: വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. ഹരജികൾ ചൊവ്വാഴ്‌ച വീണ്ടും പരിഗണിക്കും. വാക്‌സിനേഷൻ സൗജന്യമാക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിൽ ഹൈക്കോടതി കേന്ദ്രസർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
പൗരൻമാർക്ക് എന്തുകൊണ്ട് സൗജന്യ വാക്‌സിൻ നൽകുന്നില്ലെന്നും സംസ്‌ഥാനങ്ങൾ വാക്‌സിൻ നൽകണമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. എന്നാൽ ഇത് നയപരമായ വിഷയമാണെന്നും മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.
സംസ്‌ഥാനങ്ങൾ കോവിഡ് വാക്‌സിൻ വാങ്ങി നൽകണമെന്ന് പറയുന്നത് എന്തുകൊണ്ടാണ്. എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകാൻ ഏകദേശം 34,000 കോടി രൂപ മതിയാകില്ലേ. 54,000 കോടി രൂപ അധിക ഡിവിഡന്റായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സർക്കാരിന് നൽകിയിട്ടുണ്ട്. ഈ തുക സൗജന്യ വാക്‌സിന് വിനിയോഗിച്ചു കൂടേ ?, കോടതി ചോദിച്ചു.
വാക്‌സിനേഷൻ നീണ്ടുപോകുന്നത് കൊണ്ട് പല ആളുകളും വാക്‌സിൻ എടുക്കാൻ ഇപ്പോൾ മടി കാണിക്കുകയാണെന്ന് ഹരജിക്കാരും ചൂണ്ടിക്കാട്ടി. വാക്‌സിനേഷൻ സൗജന്യമാക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹരജിയുൾപ്പെടെ വാക്‌സിനേഷനുമായി ബന്ധപ്പെട്ട എല്ലാ ഹരജികളും ചൊവ്വാഴ്‌ച പരിഗണിക്കാനാണ് തീരുമാനം.
Read Also: തമിഴ്, കന്നഡ, ഇംഗ്ളീഷ്; വിവിധ ഭാഷകളിൽ സത്യപ്രതിജ്‌ഞ ചെയ്‌ത് എംഎൽഎമാർ






































