കാസർഗോഡ് : ജില്ലയിൽ അപ്രതീക്ഷിതമായി പെയ്‌ത കനത്ത മഴയിൽ നശിച്ചത് ആയിരക്കണക്കിന് വാഴകൾ. കാഞ്ഞങ്ങാട് നഗരസഭ, മടിക്കൈ പഞ്ചായത്ത് എന്നിവിടങ്ങളിലെ ആയിരക്കണക്കിന് പൂർണ വളർച്ചയെത്തിയ വാഴകളാണ് നശിച്ചത്. കനത്ത മഴയിൽ കൃഷിയിടങ്ങളിൽ വെള്ളം കയറിയതിനെ തുടർന്നാണ് വൻ രീതിയിൽ കൃഷികൾ നശിച്ചത്.
നഗരസഭയിലെ അരയി, മുട്ടംചിറ എന്നീ ഭാഗങ്ങളിലാണ് വാഴക്കൃഷി കനത്ത മഴയിൽ നശിച്ചു തുടങ്ങുന്നത്. ഒരു മാസം കൂടി കഴിഞ്ഞാൽ വിളവെടുക്കാവുന്ന വാഴകളിൽ വെള്ളം കയറിയതിനെ തുടർന്ന് പഴുപ്പ് ബാധിക്കുകയാണ്. വാഴയുടെ കൈകൾ വ്യാപകമായി ഒടിഞ്ഞു വീഴാൻ തുടങ്ങിയെന്നും ഇനി പ്രതീക്ഷയില്ലെന്നും കർഷകർ വ്യക്‌തമാക്കി. ഇതേ തുടർന്ന് കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്‌ടമാണ് ഉണ്ടാകുന്നത്.
ജൂൺ പകുതി ആകുമ്പോഴേക്കാണ് സാധാരണയായി മഴ കനക്കുന്നത്. ഈ സമയം ആകുമ്പോഴേക്കും വാഴകൾ പൂർണമായും വിളവെടുക്കുകയും ചെയ്യും. എന്നാൽ ഇത്തവണ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടാണ് കനത്ത മഴ തുടരുന്നത്. ഈ പ്രദേശത്ത് കൃഷി ചെയ്യുന്ന നാസറിന്റെ 500 വാഴകളും, മധുവിന്റെ 600 വാഴകളും അബൂബക്കറിന്റെ 1300 വാഴകളും പഴുപ്പ് ബാധിച്ച് നശിക്കുകയാണ്. കൂടാതെ മടിക്കൈ പഞ്ചായത്തിലെ മറ്റ് ഭാഗങ്ങളിലും നിരവധി കർഷകർക്ക് കൃഷിനാശം സംഭവിച്ചിട്ടുണ്ട്.
Read also : ലക്ഷദ്വീപുകാരെ വെല്ലുവിളിക്കുന്നത് അവസാനിപ്പിക്കണം; കെസി വേണുഗോപാൽ, ആശങ്കാജനകമെന്ന് ലീഗ്








































