കാസർഗോഡ്: സ്വന്തമായി ഒരു മന്ത്രിയില്ല എന്ന കുറവ് കാസർഗോഡ് ജില്ലയ്‌ക്ക് ഇനിയുണ്ടാകില്ല. തുറമുഖ- പുരാവസ്‌തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന് കാസർഗോഡ് ജില്ലയുടെ ചുമതല നൽകി ഉത്തരവായി. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ നിന്ന് ഐഎൻഎൽ (Indian National League) പ്രതിനിധിയായാണ് അഹമ്മദ് ദേവർകോവിൽ പിണറായി മന്ത്രിസഭയിലെത്തിയത്.
വികസന രംഗത്ത് ഏറെ പിന്നോക്കം നിൽക്കുന്ന കാസർഗോഡ് ജില്ലയുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് അഹമ്മദ് ദേവർകോവിലിന് മന്ത്രി എന്ന നിലയിൽ ജില്ലയുടെ ചാർജ് നൽകിയതിലൂടെ സാധിക്കുമെന്ന് ഐഎൻഎൽ സംസ്‌ഥാന സെക്രട്ടറി എംഎ ലത്തീഫ് പറഞ്ഞു. പുതിയ പിണറായി മന്ത്രി സഭയിൽ ജില്ലയ്‌ക്ക് പ്രാതിനിധ്യം ഇല്ലാതിരുന്നത് മൂലം നിരാശരായവർക്ക് ഏറെ പ്രതീക്ഷയും ആശ്വാസവും നൽകുന്നതാണ് മുഖ്യമന്ത്രിയുടെ ഈ നീക്കമെന്നും ലത്തീഫ് കൂട്ടിച്ചേർത്തു.
അതേസമയം, മെയ് 29ന് രാവിലെ 10.30ന് അഹമ്മദ് ദേവർകോവിലിന്റെ അധ്യക്ഷതയിൽ ജില്ലയിലെ 5 എംഎൽഎമാരുടെ യോഗം കാസർകോട് കളക്‌റ്ററേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകനമാണ് യോഗത്തിന്റെ അജണ്ട.
Also Read: പാലത്തായി പീഡനക്കേസിൽ വഴിത്തിരിവ്; പീഡനം നടന്നെന്ന് റിപ്പോർട്, തെളിവ് ലഭിച്ചു








































