കൊച്ചി: ലക്ഷദ്വീപിലെ പുതിയ അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ വിവാദ ഭരണ പരിഷ്‌കരണ നടപടികൾ അടിയന്തരമായി സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി. ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരായ ഹരജിയില്‍ നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നൽകി. രണ്ടാഴ്‌ചക്കകം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം.
ലക്ഷദ്വീപിലെ അഡ്‌മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ ചോദ്യം ചെയ്‌താണ് ഹൈക്കോടതിയില്‍ രണ്ട് പൊതുതാല്‍പര്യ ഹരജികള്‍ സമര്‍പ്പിക്കപ്പെട്ടത്. മലപ്പുറം സ്വദേശിയും കെപിസിസി സെക്രട്ടറിയുമായ കെപി നൗഷാദലി, കവരത്തി സ്വദേശി മുഹമ്മദ് സാദിഖ് എന്നിവരാണ് ഹരജി സമർപ്പിച്ചത്.
അതേസമയം വിവാദ ഉത്തരവുകൾ നയപരമായ വിഷയമാണെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. വിഷയത്തിൽ വിശദീകരണം നൽകുന്നതിന് കേന്ദ്രത്തിനും ലക്ഷദ്വീപ് ഭരണകൂടത്തിനും രണ്ടാഴ്‌ചത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. ഹരജിയിൽ എതിർ സത്യവാങ്മൂലമുണ്ടെങ്കിൽ സമർപ്പിക്കാൻ കേന്ദ്രത്തിനായി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെഎം നടരാജന് കോടതി നിർദ്ദേശം നൽകുകയായിരുന്നു.
അതിനിടെ വിശദീകരണം നൽകുന്നത് വരെ വിവാദ ഉത്തരവുകൾ സ്‌റ്റേ ചെയ്യണമെന്ന ഹരജിക്കാരന്റെ ആവശ്യം കോടതി തള്ളി. അതിന് ഈ ഘട്ടത്തിൽ കഴിയില്ലെന്ന് വ്യക്‌തമാക്കിയ കോടതി കേന്ദ്രത്തിന്റെ വിശദീകരണം പരിശോധിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കാമെന്നും അറിയിച്ചു.
നിലവിലെ ഭരണ പരിഷ്‌കാരങ്ങള്‍ പലതും ദ്വീപിന്റെ പാരമ്പര്യ -സാംസ്‌കാരിക തനിമയ്‌ക്ക് കോട്ടം വരുത്തുന്നതാണെന്നും കരട് നിയമത്തിലെ പല വ്യവസ്‌ഥകളും ഭൂവിനിയോഗം, ഭൂമി കൈവശം വയ്‌ക്കല്‍ എന്നിവയിലടക്കം നിയമവിരുദ്ധമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുവാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും ഹരജിക്കാര്‍ ആരോപിക്കുന്നു.
അതേസമയം ലക്ഷദ്വീപ് വിഷയത്തിൽ മറ്റൊരു പൊതുതാൽപര്യ ഹരജി കൂടി ഇന്ന് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവും കോടതി തള്ളി.
Read Also: കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി നേതാവ് എം ഗണേഷ് ചോദ്യം ചെയ്യലിന് ഹാജരായി