കോഴിക്കോട് : ലോക്ക്ഡൗണിനെ തുടർന്ന് ഭക്ഷണം കിട്ടാതെ വലയുന്ന തെരുവ് നായകൾ യാത്രക്കാരെ ആക്രമിക്കുന്നത് പതിവാകുന്നു. ഹോട്ടലുകളും മാർക്കറ്റുകളും ഉൾപ്പടെ അടഞ്ഞു കിടക്കുന്നതിനാൽ നിലവിൽ ഇവക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യമാണ്. ജില്ലയിൽ കോൺവന്റ് റോഡ്, ചോളം വയൽ, മാർക്കറ്റ് റോഡ് പരിസരങ്ങളിൽ ദിവസങ്ങളായി നായകളുടെ ആക്രമണം പതിവാണ്.
കഴിഞ്ഞ ദിവസം തെരുവിൽ കഴിയുന്ന വയോധികനെ നായകൾ ചേർന്ന് ആക്രമിച്ചിരുന്നു. തുടർന്ന് പോലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. ഈ ഭാഗങ്ങളിലായി കഴിഞ്ഞ 3 ആഴ്‌ചക്കുള്ളിൽ 20ഓളം പേർക്ക് നായകളുടെ കടിയേറ്റതായി പരിസരവാസികൾ വ്യക്‌തമാക്കി. കാൽനട യാത്രക്കാരായ ആളുകളെ ആക്രമിക്കുന്നതിനൊപ്പം ബൈക്ക് യാത്രക്കാരെ ആക്രമിക്കുന്നതും, വീടുകളിൽ കയറി ആളുകളെ ആക്രമിക്കുന്നതും പതിവാകുകയാണ്.
നായകളുടെ ആക്രമണം വർധിച്ചതോടെ മിക്ക സ്‌ഥലങ്ങളിലും രാവിലെയുള്ള പത്രവിതരണം പോലും തടസപ്പെടുന്നതായി ആളുകൾ വ്യക്‌തമാക്കുന്നു. മൽസ്യ മാർക്കറ്റുകളിൽ നിന്നും, സ്‌ഥിരമായി ഭക്ഷണം ലഭിക്കാറുള്ള കടകളിൽ നിന്നും നിലവിൽ ഭക്ഷണം ലഭിക്കാത്തതും, വീടുകളിൽ മാലിന്യ നിർമ്മാർജ്‌ജനം തുടങ്ങിയതും നായകളെ ബാധിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ആക്രമണങ്ങൾ വർധിക്കുന്നതോടെ ഇത് തടയാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി വിവിധ റസിഡൻസ് അസോസിയേഷനുകൾ രംഗത്തെത്തിയിട്ടുണ്ട്.
Read also : മഹാരാഷ്‍ട്രയിൽ കോവിഡ് മൂന്നാം തരംഗമെന്ന് സൂചന; ലോക്ക്‌ഡൗൺ നീട്ടി







































