തൃശൂർ: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്‌ഥാന നേതാക്കളുടെ മൊഴി തള്ളി അന്വേഷണ സംഘം. തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ക്കാണ് ബിജെപി ജില്ലാ നേതാവായ ധര്‍മരാജനെ ഫോണില്‍ ബന്ധപ്പെട്ടതെന്നാണ് നേതാക്കളുടെ മൊഴി. എന്നാൽ ധര്‍മരാജന് തിരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്നില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
സംഘടന ചുമതലകളും ഇദ്ദേഹത്തിന് നൽകിയിരുന്നില്ല. തിരഞ്ഞെടുപ്പ് സാമഗ്രികളുമായി വന്നപ്പോഴാണ് ധർമരാജന് തൃശൂരില്‍ റൂം എടുത്തു നല്‍കിയതെന്നും സംസ്‌ഥാന നേതാക്കൾ മൊഴി നൽകിയിരുന്നു. എന്നാൽ ഈ വാദവും തെറ്റാണെന്ന് പോലീസ് കണ്ടെത്തി.
ധര്‍മരാജനെ നേതാക്കൾ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടത് തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ക്കല്ലെന്നും പോലീസ് പറയുന്നു. ഇതോടെ സംഭവത്തിൽ ബിജെപി കൂടുതൽ പ്രതിരോധത്തിലാവുകയാണ്. കേന്ദ്ര നേതൃത്വവും വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നത്. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പുതിയ ആരോപണം കൂടി ഉയർന്ന് വന്നതോടെ സംസ്‌ഥാന നേതൃത്വം കൂടുതൽ പ്രതിസന്ധിയിലായി.
Read Also: സ്വർണക്കടത്ത് കേസ്; യുഎഇ കോൺസൽ ജനറലിനും അറ്റാഷേക്കും കസ്‌റ്റംസ് നോട്ടീസ്






































