മലപ്പുറം: വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രസവചികിൽസ വൈകുന്നതിൽ പ്രതിഷേധിച്ച് ബ്ളോക്ക് പഞ്ചായത്തംഗങ്ങൾ ഡിഎംഒയെ ഉപരോധിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം.
ബുധനാഴ്‌ച രാവിലെ 10.30 ഓടെയാണ് ഭരണസമിതി അംഗങ്ങൾ ഡിഎംഒ ഓഫിസിലെത്തി പ്രതിഷേധിച്ചത്. പ്രശ്‌നത്തിൽ ഡിഎംഒ പരിഹാരങ്ങളൊന്നും നിർദ്ദേശിച്ചില്ലെന്നും തന്റെ പരിധിയിലല്ലെന്നു പറഞ്ഞ് കയ്യൊഴിയുകയാണ് ചെയ്‌തതെന്നും ആരോപിച്ച് ഇവർ മുദ്രാവാക്യം വിളിക്കുകയും ഉപരോധ സമരം നടത്തുകയുമായിരുന്നു.
തുടർന്ന് പ്രതിഷേധക്കാരെ മലപ്പുറം പോലീസെത്തി അറസ്‌റ്റ് ചെയ്‌തു കോട്ടപ്പടി പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു. ഇതിനിടെ കളക്‌ടർ പ്രതിഷേധക്കാരുമായി ഫോണിൽ ബന്ധപ്പെടുകയും തന്റെ ചേംബറിലേക്ക് വിളിപ്പിക്കുകയും ചെയ്‌തു.
കളക്‌ടറുമായി നടത്തിയ ചർച്ചയിൽ ഈമാസം 15നു മുമ്പായി ഗൈനക്കോളജി ഡോക്‌ടർമാർ വണ്ടൂരിൽ ചുമതലയേൽക്കുമെന്ന് ഉറപ്പു കിട്ടിയതായി പ്രതിഷേധക്കാർ പറഞ്ഞു. കളക്‌ടറുടെ നിർദ്ദേശപ്രകാരം മഞ്ചേരി മെഡിക്കൽ കോളേജ് സീനിയർ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർ പുലത്ത് അബ്‌ദുൾ നാസറുമായും ബ്ളോക്ക് പഞ്ചായത്തംഗങ്ങൾ ചർച്ച നടത്തി. മെഡിക്കൽ കോളേജിലെ ഡോക്‌ടർമാരെ വണ്ടൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റുമെന്ന് അദ്ദേഹം പ്രതിഷേധക്കാരോട് പറഞ്ഞു.
പ്രസിഡണ്ട് കെസി കുഞ്ഞുമുഹമ്മദ്, വൈസ് പ്രസിഡണ്ട് കെകെ സാജിത, സ്‌ഥിരം സമിതി അധ്യക്ഷ സമീന കാഞ്ഞിരാല, എൻഎ മുബാറക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള യുഡിഎഫിലെ 12 അംഗങ്ങളാണ് പ്രതിഷേധം നടത്തിയത്.
Malabar News: ഭിന്നശേഷിക്കാർക്ക് കോവിഡ് വാക്‌സിൻ; കാഞ്ഞങ്ങാട് നഗരസഭയിൽ ഹെൽപ് ഡെസ്‌ക്ക് ആരംഭിച്ചു




































