കൊൽക്കത്ത: വിഖ്യാത ബംഗാളി ചലച്ചിത്രകാരൻ ബുദ്ധദേബ് ദാസ് ഗുപ്ത (ബിഡി ഗുപ്ത) അന്തരിച്ചു. 77കാരനായ ഗുപ്ത ഏറെനാളായി വൃക്കരോഗത്തിന് ചികിൽസയിൽ ആയിരുന്നു. സംവിധാനം, തിരക്കഥ, സാഹിത്യം എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ഒരു കാലത്ത് ബംഗാളി സിനിമയിലെ കരുത്തുറ്റ മുഖമായിരുന്നു. ദേശീയ, അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട നിരവധി ചിത്രങ്ങളാണ് അദ്ദേഹം ഒരുക്കിയിട്ടുള്ളത്.
അദ്ദേഹത്തിന്റെ അഞ്ച് ചിത്രങ്ങൾ ദേശീയ പുരസ്കാരങ്ങൾക്ക് അർഹത നേടിയിട്ടുണ്ട്. രണ്ട് തവണ മികച്ച സംവിധായകനുള്ള ദേശീയ അവാർഡും അദ്ദേഹം സ്വന്തമാക്കി. 1988ലും, 1994ലും ബെർലിൻ ചലച്ചിത്രമേളയിൽ ഗോൾഡൻ ബെർലിൻ ബെയർ പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടു. സ്പെയിൻ ഇന്റർനാഷണൽ ചലച്ചിത്ര മേളയിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും അദ്ദേഹം നേടി.
ബാഗ് ബഹാദൂർ (1989), ചരച്ചാർ (1993), ലാൽ ദർജ (1997), മോണ്ടോ മേയർ ഉപാഖ്യാൻ (2002), കൽപുരുഷ് (2008) എന്നിവയ്ക്ക് മികച്ച ചിത്രത്തിനുള്ള അവാർഡും ഉത്തര, സ്വപ്നേർ ദിൻ, ദൂരത്വ (1978), തഹാദർ കഥ (1993) എന്നിവയ്ക്ക് മികച്ച സംവിധാനത്തിനുള്ള അവാർഡും നേടി. നിരവധി കഥാസമാഹാരങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു.
Read Also: കോൺഗ്രസ് ദുഷ്കരമായ അവസ്ഥയിലാണ്, യുക്തിയുള്ളവർക്ക് അതറിയാം; സൽമാൻ ഖുർഷിദ്






































