ന്യൂഡെൽഹി: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എംപിയുടെ അടുത്ത അനുയായി ആയിരുന്ന ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേർന്നതിന് പിന്നാലെ കോൺഗ്രസിന്റെ നിലവിലെ അവസ്‌ഥയെ കുറിച്ച് പറഞ്ഞ് മുതിർന്ന നേതാവ് സൽമാൻ ഖുർഷിദ്. കോൺഗ്രസ് പാർട്ടി വളരെ ദുഷ്‌കരമായ അവസ്‌ഥയിലൂടെയാണ് കടന്ന് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യുക്‌തിയുള്ളവർ ആരും ഈ സത്യത്തെ അവഗണിക്കുകയോ നിരസിക്കുകയോ ഇല്ല. എന്നാൽ ഈ പ്രതികൂല സാഹചര്യത്തെയും അതിജീവിച്ച് കോൺഗ്രസ് നല്ല ദിനങ്ങളിലേക്ക് മടങ്ങി വരും. പാർട്ടിയെ ഉയർത്തിക്കൊണ്ടു വരാൻ കെൽപ്പുള്ള ആയിരക്കണക്കിന് പ്രവർത്തകർ കോൺഗ്രസിന് ഉണ്ടെന്നും ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം ജ്യോതിരാദിത്യ സിന്ധ്യ, ഇപ്പോൾ ജിതിന്‍ പ്രസാദ, വൈകാതെ സച്ചിൻ പൈലറ്റും പാർട്ടി വിട്ടേക്കാമെന്ന അഭ്യൂഹങ്ങൾ വരുന്നു; യുവാക്കളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ സാധിക്കാത്ത മുങ്ങുന്ന ഒരു കപ്പലാണോ കോൺഗ്രസ് എന്ന ചോദ്യത്തിന് സൽമാൻ ഖുർഷിദിന്റെ മറുപടി ഇങ്ങനെ;
“ഇത് വളരെ കഠിനമായ ചോദ്യമാണ്. ചോദ്യത്തിന്റെ ആദ്യ പകുതിയോട് ഞാൻ യോജിക്കുന്നുവെങ്കിൽ, എനിക്ക് രണ്ടാം പകുതിയെയും അംഗീകരിക്കേണ്ടിവരും. ആദ്യ പകുതിയോട് ഞാൻ യോജിക്കുന്നില്ലെങ്കിൽ, രണ്ടാം പകുതിയെ കുറിച്ച് ഞാൻ എന്ത് പറയാനാണ്?
കോൺഗ്രസ് ദുഷ്‌കരമായ സമയങ്ങളിലൂടെയാണ് കടന്നുപോകുന്നത്. വിവേകമുള്ള ഒരാളും അതിനെ എതിർക്കുകയോ നിരസിക്കുകയോ ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ ഈ മോശം സമയങ്ങളിൽ നിന്ന് കോൺഗ്രസിനെ നല്ല സമയങ്ങളിലേക്ക് മടക്കിക്കൊണ്ടു വരാൻ കഴിവുള്ള ആയിരക്കണക്കിന് ആളുകൾ പാർട്ടിയിലുണ്ട്. അതാണ് വിശ്വാസം.
ആരെങ്കിലും കോൺഗ്രസ് വിട്ട് പോകുകയാണെങ്കിൽ, അവരുടെ തീരുമാനത്തിന്റെ അടിസ്‌ഥാനത്തിൽ പാർട്ടിയെ വിലയിരുത്താൻ കഴിയില്ല. അവർ അവരുടേതായ തീരുമാനമെടുക്കുന്നു, അവർ പോകാൻ ആഗ്രഹിക്കുന്നിടത്തേക്ക് പോകുന്നു. ഈ പ്രത്യേക സാഹചര്യത്തിൽ, എനിക്ക് ഇത് വളരെ മോശം കാര്യമായി തോന്നുന്നു. ജിതിന്‍ പ്രസാദയോട് ഇളയ സഹോദരനോടെന്ന പോലെ അടുപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് എന്റെ അടുത്ത സുഹൃത്തായിരുന്നു. വളരെ വിഷമമുണ്ടാക്കുന്ന തീരുമാനമായിപ്പോയി അദ്ദേഹം എടുത്തത്. പക്ഷെ അത് അദ്ദേഹത്തിന്റെ ഇഷ്‌ടമാണ്, തീരുമാനമാണ്,”- സൽമാൻ ഖുർഷിദ് പറഞ്ഞു.
ബുധനാഴ്‌ചയാണ് മുന്‍ കേന്ദ്രമന്ത്രിയായിരുന്ന ജിതിന്‍ പ്രസാദ ബിജെപിയിൽ ചേർന്നത്. പാര്‍ട്ടിയില്‍ ചേരുന്നതിനു മുമ്പായി ജിതിന്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചിരുന്നു. ബംഗാളിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു ഇദ്ദേഹം. രാജ്യത്തെ ഒരേയൊരു ദേശീയ പാര്‍ട്ടി ബിജെപിയാണെന്നാണ് അംഗത്വം സ്വീകരിച്ചു കൊണ്ട് ജിതിന്‍ പ്രസാദ പറഞ്ഞത്.
Most Read: യുഎസിൽ ടിക് ടോക്കും വി ചാറ്റും നിരോധിച്ച നടപടി ബൈഡൻ റദ്ദാക്കി