ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ വീടിന് നേരെ ആക്രമണം. നൈനിറ്റാളിലെ ഖുര്‍ഷിദിന്റെ വീട് ആക്രമികള്‍ തീ വെക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അദ്ദേഹം തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്.
“ഈ മുന്നറിയിപ്പ് നല്‍കിയ എന്റെ സുഹൃത്തുക്കള്‍ക്ക് എന്റെ വാതില്‍ തുറന്നിടണമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ഇപ്പോഴും ഇത് ഹിന്ദുമതമാണെന്ന് നിങ്ങള്‍ക്ക് പറയാന്‍ സാധിക്കുമോ”- എന്ന കുറിപ്പോടെയാണ് അദ്ദേഹം കത്തിയ വീടിന്റെ ദൃശ്യങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. വീടിന്റെ ജനല്‍ തകര്‍ത്തതും മുന്‍ വാതില്‍ കത്തിച്ചതുമായ വീഡിയോയയാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഖുര്‍ഷിദ് പങ്കുവെച്ച ഒരു വീഡിയോയില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊടി വീശുന്നതും ജയ് ശ്രീറാം വിളിക്കുന്നതും കാണാം.
അയോധ്യയെക്കുറിച്ചുള്ള ഖുര്‍ഷിദിന്റെ പുതിയ പുസ്‌തകത്തിൽ ഹിന്ദുത്വവും ഐഎസ്ഐഎസും തമ്മിൽ സാമ്യത ഉണ്ടെന്ന പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് ആക്രമണം. ഹിന്ദുത്വ, അതിന്റെ പൊളിറ്റിക്കല്‍ വേര്‍ഷനില്‍ ജിഹാദിസ്‌റ്റ് ഇസ്‌ലാം ഗ്രൂപ്പുകളായ ഐഎസ്ഐഎസ്, ബൊക്കോ ഹറാം എന്നിവയുമായി സാമ്യമുള്ളതാണ് എന്നാണ് പുസ്‍തകത്തില്‍ പരാമർശിക്കുന്നത്.
തുടർന്ന് ബിജെപി പുസ്‍തകത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഖുര്‍ഷിദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും ഹിന്ദു ജനങ്ങളോട് ബഹുമാനം ഉണ്ടെങ്കിൽ സോണിയ ഗാന്ധി പരാമര്‍ശത്തിന് വിശദീകരണം നല്‍കണമെന്നുമാണ് ബിജെപിയുടെ ആവശ്യം. അതേസമയം സല്‍മാന്‍ ഖുര്‍ഷിദിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു. ഹിന്ദുമതവും ഹിന്ദുത്വവും രണ്ടാണെന്നും ആരെയും കൊല്ലാനല്ല ഹിന്ദുമതം പഠിപ്പിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
Read also: ഹർത്താലിനിടെ കലാപശ്രമം; ബിജെപി നേതാവ് അറസ്‌റ്റില്‍