ലഖ്‌നൗ: കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ഹിന്ദുത്വയെ ബോക്കോ ഹറാം, ഐഎസ് എന്നീ ഭീകര സംഘടനകളുമായി താരതമ്യം ചെയ്‌തതിനാണ് ലഖ്‌നൗ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. അദ്ദേഹം രചിച്ച ‘സണ്‍റൈസ് ഓവര്‍ അയോധ്യ: നേഷന്‍ഹുഡ് ഇന്‍ അവര്‍ ടൈംസ്’ എന്ന പുസ്‍തകം നേരത്തേ തന്നെ വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു. ഹിന്ദുത്വ തീവ്രവാദം ഐഎസ്, ബോക്കോ ഹറാം എന്നീ തീവ്രവാദ സംഘടനകള്‍ പോലെയാണ് എന്നായിരുന്നു അദ്ദേഹം എഴുതിയത്.
മൂന്ന് ദിവസത്തിനകം എഫ്ഐആറിന്റെ പകര്‍പ്പ് കോടതിയില്‍ സമര്‍പ്പിക്കാനും പോലീസിനോട് കോടതി ആവശ്യപ്പെട്ടു. ‘ഹിന്ദുത്വ’യെ തീവ്രവാദ സംഘങ്ങളായ ഐഎസ്, ബൊക്കോ ഹറാം തുടങ്ങിയവയുമായി താരതമ്യപ്പെടുത്തി എന്നും ഇത് മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്നും അഭിഭാഷകന്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി. പുസ്‍തകം പൊതുസമാധാനം തകരാന്‍ കാരണമാകുമെന്നും സമാധാനം നിലനിര്‍ത്തേണ്ടത് എല്ലാ വ്യക്‌തികളുടെയും കടമയാണെന്നും ഹരജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു.
നേരത്തെ പുസ്‍തകം പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്‌ത ഹരജി തള്ളിയിരുന്നു.
‘ഹിന്ദുത്വ’യെ ഭീകര സംഘടനകളുമായി താരതമ്യപ്പെടുത്തി എന്ന ആരോപണത്തെ തുടര്‍ന്ന് നേരത്തെ തന്നെ ഖുർഷിദിന്റെ പുസ്‌തകത്തെ കുറിച്ച് വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. എന്നാൽ തന്റെ പുസ്‍തകം ഹിന്ദുമതത്തെ പിന്തുണക്കുന്നതും ഹിന്ദുത്വയെ ചോദ്യംചെയ്യുന്നതുമാണ്. ഹിന്ദു മതവും ഹിന്ദുത്വയും തമ്മിലുള്ള വ്യത്യാസം സമൂഹത്തിന് അറിയാമെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു.
പുസ്‌തകം പുറത്തു വന്നതിനു പിന്നാലെ ഖുര്‍ഷിദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും ഹിന്ദു ജനങ്ങളോട് ബഹുമാനം ഉണ്ടെങ്കിൽ സോണിയ ഗാന്ധി പരാമര്‍ശത്തിന് വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ട് ബിജെപി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ വീടിന് ഒരു സംഘം ആളുകള്‍ തീയിട്ടിരുന്നു.
Read also: പഞ്ചാബിലെ സമാധാനം തകര്‍ക്കാന്‍ ശ്രമം; അരവിന്ദ് കെജ്‌രിവാള്‍