തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്നത് നാളെ (ജൂൺ 15) മുതൽ ജില്ലാ അടിസ്ഥാനത്തിൽ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ തീരുമാനമനുസരിച്ച് ബന്ധപ്പെട്ട ആശുപത്രി ഡോക്ടർമാര്‍ക്ക് തന്നെ ഇത് സംബന്ധിച്ച് റിപ്പോർട് നല്‍കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കോവിഡ് മരണങ്ങള് കൃത്യമായി റിപ്പോർട് ചെയ്യപ്പെടാത്തതിനെ തുടര്‍ന്ന് നഷ്ടപരിഹാരങ്ങളടക്കം കുടുംബങ്ങള്‍ക്ക് ലഭിക്കാതെ പോകുന്നുണ്ടെന്ന് നേരത്തെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ പുതിയ തീരുമാനം വരുന്നത്.
ഐസിഎംആറിന്റെ മാനദണ്ഡം അനുസരിച്ചാണ് മരണം കോവിഡ് മൂലമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്. നേരത്തെ ഓരോ പ്രദേശത്തും ഉണ്ടാകുന്ന മരണം സംസ്ഥാന അടിസ്ഥാനത്തിലായിരുന്നു കോവിഡാണോ അല്ലയോ എന്ന് സ്ഥിരീകരിച്ചിരുന്നത്. അത് ഒരുപാട് കാലതാമസത്തിന് ഇടയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ തീരുമാന പ്രകാരം ഐസിഎംആറിന്റെ മാനദണ്ഡമനുസരിച്ച് ബന്ധപ്പെട്ട ആശുപത്രി ഡോക്ടർക്ക് തന്നെ മരണം റിപ്പോർട് ചെയ്യാം. ജില്ലാ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാം. നാളെ മുതൽ ആ തീരുമാനമാണ് നടപ്പിലാക്കുക. ഇതുവരെയുള്ള കേസുകളില്‍ വേഗത്തില്‍ നിര്‍ണയം നടത്തി നടപടികള്‍ വേഗത്തിലാക്കാന്‍ നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read: ശ്രീരാമന്റെ പേരില്‍ കബളിപ്പിക്കുന്നത് അനീതി; രാമക്ഷേത്ര വിവാദത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി








































