കാസർഗോഡ്: അതിശക്‌തമായ മഴക്ക് സാധ്യതയുള്ളതിനാൽ ജില്ലയിൽ ഇന്നും നാളെയും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്‌ച മുതൽ ജില്ലയിൽ കനത്ത മഴയാണ് ലഭിക്കുന്നത്. സംസ്‌ഥാനത്ത് കൂടുതൽ മഴ പെയ്‌ത ആദ്യ മൂന്ന് സ്‌ഥലങ്ങളിൽ കാസർഗോട്ടെ പിലിക്കോടും കുഡ്‌ലുവും ഉണ്ട്. ജില്ലയിലെ മലയോരവും തീരപ്രദേശവും ഉൾപ്പടെ മിക്ക മേഖലകളിലും ശക്‌തമായ മഴ ലഭിച്ചു.
24 മണിക്കൂറിനിടെ ഹൊസ്‌ദുർഗിൽ എട്ടും മഞ്ചേശ്വരത്ത് മൂന്നും വീടുകൾ ഭാഗികമായി തകർന്നു. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ താഴ്‌ന്ന പ്രദേശങ്ങൾ, നദീ തീരങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ
- അധികൃതരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട സ്‌ഥലങ്ങളിലെ ആളുകൾ അതിനോട് സഹകരിക്കണം.
- വിവിധ തീരങ്ങളിൽ കടലാക്രമണം ശക്‌തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
- അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്‌തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്‌ഥാനത്തിൽ മാറിത്താമസിക്കാൻ തയ്യാറാവണം.
- സ്വകാര്യ- പൊതു ഇടങ്ങളിൽ അപകടാവസ്‌ഥയിൽ നിൽക്കുന്ന മരങ്ങൾ/ പോസ്‌റ്റുകൾ / ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം.
- നദികളിലോ മറ്റ് ജലാശയങ്ങളിലോ ഇറങ്ങാൻ പാടില്ല.
- മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണം.
Also Read: മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന് ഭയപ്പെടേണ്ടതില്ല; മുഖ്യമന്ത്രി








































