കാസർഗോഡ്: വർധിച്ച കോവിഡ് വ്യാപനവും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കും കണക്കിലെടുത്ത് കാഞ്ഞങ്ങാട് നഗരസഭ സി കാറ്റഗറിയിൽ. ടിപിആർ 16 മുതൽ 24 വരെയുള്ള തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളെയാണ് സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ, കാഞ്ഞങ്ങാട് കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കാൻ കോവിഡ് പ്രതിരോധ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു.
നഗരസഭയിലെ അവശ്യവസ്‌തുക്കൾ മാത്രം വിൽക്കുന്ന കടകൾക്ക് വൈകിട്ട് ഏഴ് മണി വരെ മാത്രമാണ് പ്രവർത്തന അനുമതി. തുണിക്കടകൾ, ബാർബർ ഷോപ്, നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ, വർക്ക് ഷോപ്പുകൾ, ബുക്ക് സ്‌റ്റാളുകൾ, ജ്വല്ലറി, ചെരിപ്പുകടകൾ എന്നിവ വെള്ളിയാഴ്‌ച മാത്രം തുറക്കാം. സൂപ്പർ മാർക്കറ്റുകൾ, പച്ചക്കറി കടകൾ എന്നിവിടങ്ങളിൽ 25 ശതമാനം ജീവനക്കാരെ മാത്രം വെച്ച് അനുവദനീയമായ ദിവസങ്ങളിൽ തുറന്നുപ്രവർത്തിക്കാവുന്നതാണ്.
ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും പാഴ്‌സലും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ. തട്ടുകടകൾക്ക് പ്രവർത്തന അനുമതിയില്ല. ലോട്ടറിക്കടകൾ തുറക്കാവുന്നതാണ്.
നഗരസഭ ചെയർപേഴ്‌സൺ കെവി സുജാതയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്‌ഥിരം സമിതി ചെയർമാൻ, ഹോസ്‌ദുർഗ് സ്റ്റേഷൻ ഹൗസ് ഓഫിസർ വിജേഷ്, ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ചന്ദ്രമോഹൻ, എംഎൽഎ പ്രതിനിധി സികെ ബാബുരാജ്, മുൻ ചെയർമാൻ വിവി രമേശൻ, സെക്‌ടറൽ മജിസ്‌ട്രേട്ടുമാർ, ഹൊസ്‌ദുർഗ്- കാഞ്ഞങ്ങാട് വില്ലേജ് ഓഫിസർമാർ എന്നിവർ സംബന്ധിച്ചു.
Also Read: കോവിഡ്: മാർഗ നിർദേശങ്ങൾ കൃത്യമായി പാലിച്ചാൽ മൂന്നാം തരംഗം ഒഴിവായേക്കും; എയിംസ് ഡയറക്‌ടർ







































