അബുദാബി : ജൂലൈ 21ആം തീയതി വരെ യുഎഇയിലേക്ക് വിമാന സർവീസുകൾ ഉണ്ടാകില്ലെന്ന് വ്യക്‌തമാക്കി എയർ ഇന്ത്യ. നേരത്തെ ജൂലൈ 6ആം തീയതി വരെ സർവീസുകൾ ഉണ്ടാകില്ലെന്നും, അതിന് ശേഷം വീണ്ടും സർവീസുകൾ ആരംഭിക്കുമെന്നുമാണ് എയർ ഇന്ത്യ വ്യക്‌തമാക്കിയത്. എന്നാൽ ഈ തീരുമാനമാണ് ഇപ്പോൾ വീണ്ടും നീട്ടിയത്.
യുഎഇയിലേക്ക് ജൂലൈ 21ന് മുൻപായി ടിക്കറ്റ് ബുക്ക് ചെയ്‌തവർക്ക് സൗജന്യമായി അത് മറ്റൊരു ദിവസത്തേക്ക് മാറ്റിയെടുക്കാമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരില്‍ യുഎഇ അംഗീകരിച്ച കോവിഡ് വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച താമസ വിസക്കാര്‍ക്ക് കഴിഞ്ഞ മാസം 23 മുതല്‍ രാജ്യത്ത് പ്രവേശിക്കാമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് ചില വിമാന കമ്പനികൾ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചെങ്കിലും യാത്രാ നിബന്ധനകളിലെ അവ്യക്‌തത കാരണം അത് നിർത്തി വച്ചു.
എയർ ഇന്ത്യക്ക് ഒപ്പം തന്നെ ഇത്തിഹാദ് എയർവേയ്‌സും ജൂലൈ 21 വരെ അബുദാബിയിലേക്ക് സർവീസുകൾ ഉണ്ടാകില്ലെന്ന് വ്യക്‌തമാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ 25 മുതലാണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇയിൽ വിലക്ക് ഏർപ്പെടുത്തിയത്. നയതന്ത്ര ഉദ്യോഗസ്‌ഥര്‍, ഗോള്‍ഡന്‍ വിസ ഉടമകള്‍, യുഎഇ പൗരൻമാര്‍, യുഎഇ അധികൃതരുടെ യാത്രാ അനുമതി ലഭിച്ചവര്‍ എന്നിവര്‍ക്ക് ഈ വിലക്കിൽ ഇളവുകള്‍ നല്‍കിയിട്ടുണ്ട്.
Read also : കാസർഗോട്ടെ 3,129 വിദ്യാർഥികൾ ഇപ്പോഴും ‘ഓഫ്‍ലൈനിൽ’








































