കാസർഗോഡ്: ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളും കോവിഡ് മാനദണ്ഡങ്ങളും മറന്ന് കാസർഗോഡ് ജില്ലയിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ജനം ഇരച്ചെത്തുന്നു. ഓൺലൈനിൽ രജിസ്‌റ്റർ ചെയ്‌തവർക്ക് പുറമേ സ്‌പോട്ട് രജിസ്‌ട്രേഷൻ പ്രതീക്ഷിച്ച് ഏറെ പേർ എത്തുന്നതാണ് പല കേന്ദ്രങ്ങളിലും തിരക്കിന് കാരണമാകുന്നത്.
പെരിയ, മധൂർ, പൂടംകല്ലിലെ താലൂക്ക് ആശുപത്രിക്ക് കീഴിൽ രാജപുരത്ത് ഒരുക്കിയ വാക്‌സിനേഷൻ സെന്റർ എന്നിവിടങ്ങളിൽ ശനിയാഴ്‌ച ജനങ്ങൾ കൂട്ടത്തോടെയാണ് എത്തിയത്. ശനിയാഴ്‌ച 300 പേർക്ക് വാക്‌സിൻ നൽകാനാണ് മിക്ക കേന്ദ്രങ്ങളും പദ്ധതിയിട്ടിരുന്നത്. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയ 18ന് മുകളിലുള്ളവർക്കായിരുന്നു കുത്തിവെപ്പ്.
ഓൺലൈൻ വഴി രജിസ്‌റ്റർ ചെയ്‌ത 200 പേർക്കും സ്‌പോട്ട് രജിസ്ട്രേഷനിലൂടെ 100 പേർക്കുമാണ് കുത്തിവെപ്പ് നടത്തിയത്. വിദേശത്തേക്ക് പോകുന്നവർക്കും പരീക്ഷ എഴുതുന്നവർക്കുമാണ് സ്‌പോട്ട് രജിസ്ട്രേഷനിലൂടെ വാക്‌സിൻ നൽകിയിരുന്നത്. ഇതിന് പുറമേ അവസരം പ്രതീക്ഷിച്ച് ധാരാളം ആളുകൾ എത്തിയത് ആൾക്കൂട്ടത്തിന് കാരണമായി.
ചിലരുടെ ഇടപെടലിലൂടെ ടോക്കൺ കൈക്കലാക്കി കുത്തിവെപ്പ് നടത്തുന്നുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
Also Read: ലക്ഷദ്വീപ് സന്ദർശിക്കാൻ എംപിമാർ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കണം; ഭരണകൂടം







































