റിയാദ് : ഹജ്‌ജിന് അനുമതി ലഭിക്കാത്ത ആളുകൾ മക്കയിൽ പ്രവേശിച്ചാൽ 10,000 റിയാൽ പിഴയായി ഈടാക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. ഒരു തവണ ശിക്ഷിക്കപ്പെട്ട ശേഷം വീണ്ടും ഇത് ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുമെന്നും അധികൃതർ അറിയിച്ചു. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
ഇന്ന് മുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഹജ്‌ജ് തീർഥാടനത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇതിന്റെ ഭാഗമായാണ് മക്കയിലെ വിശുദ്ധ പള്ളി, ഹജ്‌ജുമായി ബന്ധപ്പെട്ട മറ്റ് സ്‌ഥലങ്ങൾ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം അനുമതിയുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയത്.
ഹജ്‌ജ് മന്ത്രാലയം അനുവദിക്കുന്ന ഔദ്യോഗിക അനുമതി പത്രമില്ലാതെ എത്തുന്ന തീർഥാടകർക്കെതിരെ കർശന നടപടി സ്വീകരിക്കും. മക്ക വിശുദ്ധ പള്ളിക്കൊപ്പം തന്നെ, ഹജ്‌ജ് തീർഥാടനവുമായി ബന്ധപ്പെട്ട മിന, മുസ്‌ദലിഫ, അറഫ എന്നീ പുണ്യസ്‌ഥലങ്ങളിലേക്കുള്ള പ്രവേശനവും നിയന്ത്രിച്ചിട്ടുണ്ട്. ഈ മാസം 23ആം തീയതി വരെ നിയന്ത്രണം തുടരും.
Read also : ഉയർന്ന ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്; സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീട്ടാൻ ധാരണ




































