
മലപ്പുറം: മഞ്ചേരിയിലെ ആശുപത്രികളുടെ വിഷയങ്ങളിൽ അടിയന്തര ഇടപെടലുകളും തീരുമാനങ്ങളും ഉണ്ടാവണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് മഞ്ചേരി സോൺ കമ്മിറ്റി, മലപ്പുറം ജില്ലയുടെ ചുമതലയുള്ള മന്ത്രി വി അബ്‌ദുറഹ്‌മാനോട് ആവശ്യപ്പെട്ടു.
സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുളള മലപ്പുറം ജില്ലയിലെ മെഡിക്കൽ കോളേജിന് അർഹിക്കുന്ന പരിഗണന നൽകണമെന്നും, മഞ്ചേരിയിൽ നിലവിലുണ്ടായിരുന്ന ജനറൽ ആശുപത്രിയും, പണി തീർന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും ജില്ലക്ക് നഷ്‌ടപ്പെടാതിരിക്കാൻ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നും മന്ത്രിക്ക് നൽകിയ നിവേദനത്തിൽ കേരള മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടു.
മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി മെഡിക്കൽ കോളേജ് സന്ദർശനത്തിനെത്തിയ അബ്‌ദുറഹ്‌മാനെ നേരിൽ കണ്ട് ചർച്ച നടത്തിയാണ് മുസ്‌ലിം ജമാഅത്ത് നേതാക്കൾ നിവേദനം നൽകിയത്. മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിലെ അടിസ്‌ഥാന സൗകര്യ വികസനം ഊർജിതമാക്കണമെന്നും, ജനറൽ ആശുപത്രി പുനസ്‌ഥാപിക്കണമെന്നുമാണ് നിവേദനത്തിലെ സുപ്രധാന ആവശ്യം.
കേരള മുസ്‌ലിം ജമാഅത്ത് സോൺ സെക്രട്ടറി എപി ഇബ്രാഹീം വെള്ളില, എസ്‌വൈഎസ്‍ സോൺ ജനറൽ സെക്രട്ടറി യുടിഎം ഷമീർ പുല്ലൂർ, ഒഎ വഹാബ്, അൻവർ നെല്ലിക്കുത്ത് എന്നിവർ ചർച്ചയിലും നിവേദക സംഘത്തിലും സംബന്ധിച്ചു.
Most Read: ചട്ടലംഘനം; എസ്‌ബിഐ അടക്കം 14 ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ