മലപ്പുറം: കൃഷി ഒരു സംസ്കാരമായി മാറണമെന്നും അതിനായി യുവാക്കൾ മുന്നോട്ട് വരണമെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി തങ്ങൾ ആഹ്വാനം ചെയ്തു.
‘കാർഷിക രംഗത്തെ സ്വയം പര്യാപ്തതയിലൂടെ മാത്രമേ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ഇനി പിടിച്ചു നിൽക്കാനാകൂ‘ എസ്വൈഎസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ‘സംഘകൃഷി‘ യുടെ ജില്ലാതല ഉൽഘാടനം നിർവഹിച്ച് സംസാരിക്കവേ ഇദ്ദേഹം പറഞ്ഞു.
എസ്വൈഎസ് സംസ്ഥാന കമ്മിറ്റി കൃഷി പരിപോഷണത്തിന്റെ ഭാഗമായി ജില്ല, സോൺ, സർക്കിൾ, യൂണിറ്റ് തലങ്ങളിൽ വളരെ വ്യവസ്ഥാപിതമായിട്ടാണ് പൊതുജന പങ്കാളിത്തത്തോടെ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നത്. ഹരിത മുറ്റം, അടുക്കളത്തോട്ടം തുടങ്ങിയ പരിപാടികൾ ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്. ഒരു സർക്കിളിൽ ഒരു ഏക്കർ ഭൂമിയാണ് സംഘകൃഷിക്ക് ഉപയോഗപ്പെടുത്തുന്നത്; സംഘാടകർ വിശദീകരിച്ചു.
മലപ്പുറം സോണിലെ കോഡൂർ മങ്ങാട്ടുപുലത്ത് നടന്ന ചടങ്ങിൽ എസ്വൈഎസ് ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് സികെ ഹസൈനാർ സഖാഫി അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ വിപിഎം ഇസ്ഹാഖ്, അബ്ദുറഹീം കരുവള്ളി, സയ്യിദ് ശിഹാബുദ്ദീൻ അഹ്സനി, സയ്യിദ് മുർതള ശിഹാബ് സഖാഫി, സിദ്ദീഖ് സഖാഫി വഴിക്കടവ്, യൂസഫ് സഅദി പൂങ്ങോട്, പിപി മുജീബ് റഹ്മാൻ വടക്കേമണ്ണ, വാർഡ് മെമ്പർ ആസിഫ് എം എന്നിവർ ചടങ്ങിൽ സംസാരിച്ചു.
കേരള മുസ്ലിം ജമാഅത്ത് സോൺ സെക്രട്ടറി പി സുബൈർ, എം ദുൽ ഫുഖാർ സഖാഫി, ടി സിദീഖ് മുസ്ലിയാർ, അബ്ദുസലാം എംകെ, കെടി ബീരാൻ കുട്ടി മുസ്ലിയാർ, എംകെ. ബദറുദ്ദീൻ, എംടി ശിഹാബ്, സുബൈർ ഹാജി, കെ പ്രഭാകരൻ, പിഎ ഉസ്മാൻ മാസ്റ്റർ, പി കുഞ്ഞറമു മാസ്റ്റർ, കെ.അബ്ബാസ് അഹ്സനി, വികെ സ്വലാഹുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
Most Read: സ്വകാര്യ മേഖലയിലെ വാക്സിനേഷൻ മന്ദഗതിയിൽ; ആശങ്ക അറിയിച്ച് കേന്ദ്രം









































