കൊല്ലം: കഴുത്തില്‍ ഷാള്‍ മുറുകി ശുചിമുറിയില്‍ അവശ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. സംഭവത്തില്‍ ഭര്‍ത്താവിനെ കസ്റ്റഡിയിൽ എടുത്തു. പത്തനാപുരം വിളക്കുടി സ്വദേശി ജോമോന് മത്തായിയുടെ ഭാര്യ ജയമോള്‍ (32) ആണു മരിച്ചത്.
ജയമോളുടെ അച്ഛന് ക്ളീറ്റസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവ് ജോമോനെ കസ്റ്റഡിയിൽ എടുത്തത്. റെയില്‍വേയില്‍ ട്രാക്ക് മെയ്ന്റെയ്നന്‍സ് ജോലിയാണ് ജോമോന്. ജോലിക്ക് പോയിരുന്ന ഇയാള്‍ ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയപ്പോള്‍ ജയമോളും ജോമോന്റെ മാതാവ് കുഞ്ഞുമോള്‍ മത്തായിയും തമ്മില്‍ പാത്രം കഴുകി വെക്കുന്നതിനെച്ചൊല്ലി വാക്കു തര്‍ക്കം നടന്നതായി പോലീസ് പറഞ്ഞു.
വഴക്കിനു പിന്നാലെ ശുചിമുറിയില്‍ കയറിയ ജയമോള്‍ കുറേസമയം കഴിഞ്ഞും പുറത്തിറങ്ങാതായതോടെ മകള്‍ കതകു തള്ളിത്തുറന്നു നോക്കിയപ്പോഴാണ് ജയമോളെ അവശനിലയില്‍ കണ്ടെത്തിയത്. തുടർന്ന് പുനലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Most Read: കരിപ്പൂർ സ്വർണക്കടത്ത്; ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്ത് വിട്ടയച്ചു







































