മലപ്പുറം: ജില്ലയിൽ വീണ്ടും കോവിഡ് ബാധിതരുടെ കൂടുന്ന സാഹചര്യത്തിൽ ചികിൽസാ സൗകര്യങ്ങൾ വർധിപ്പിക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. 20.56 ശതമാനമാണ് ജില്ലയിലെ ഇന്നലത്തെ ടിപിആർ നിരക്ക്. ഇന്നലെ 2871 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇതിൽ 24 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയിൽ മൂന്നാം തരംഗം മുന്നിൽ കണ്ടാണ് ചികിൽസാ സൗകര്യങ്ങൾ വർധിപ്പിക്കാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.
ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നിയാഗിച്ച സ്പെഷ്യൽ ഓഫിസർ എസ് സുഹാസിന്റെ നേതൃത്വത്തിലുള്ള അവലോകന യോഗത്തിലാണ് സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള തീരുമാനം എടുത്തത്. നിലവിൽ ജില്ലയിൽ കോവിഡ് ചികിത്സക്കുള്ള 94 ശതമാനം വെന്റിലേറ്ററും ഉപയോഗത്തിലാണ്.
കോവിഡ് ആശുപത്രികളിൽ കിടക്ക, വെന്റിലേറ്റർ, ഐസിയു തുടങ്ങിയ സൗകര്യങ്ങൾ വർധിപ്പിക്കും. തിങ്കളാഴ്ച കൂടുതൽ പേരെ പരിശോധനക്ക് വിധേയമാക്കാനും യോഗത്തിൽ തീരുമാനമായി. കൂടാതെ ഡി വിഭാഗത്തിൽപ്പെടുന്ന തദ്ദേശ സ്ഥാപന പരിധിയിൽ ശക്തമായ നിയന്ത്രണങ്ങൾ നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക പോലീസ് സംഘത്തെ ചുമതലപ്പെടുത്തും. ടൗണുകൾ കേന്ദ്രീകരിച്ച് ശക്തമായ പരിശോധനയും ഉണ്ടായിരിക്കും.
ജില്ലയിൽ ഇതുവരെ 14.52 ലക്ഷം പേരാണ് കോവിഡ് വാക്സിൻ സ്വീകരിച്ചത്. അവലോകന യോഗത്തിൽ കലക്ടറുടെ ചുമതലയുള്ള പ്രേം കൃഷ്ണൻ, എഡിഎമ്മിന്റെ ചുമതലയുള്ള എംസി രാജിൽ, ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസ്, അസി. കലക്ടർ സഫ്ന നസ്റുദ്ധീൻ, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ സക്കീന, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ജിഎസ് രാധേഷ്, ദേശീയ ആരോഗ്യ ദൗത്യം പ്രോഗ്രാം മാനേജർ ഡോ. എ ഷിബുലാൽ, ജില്ലാ സർവയലൻസ് ഓഫിസർ ഡോ. നവ്യ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഷാജി ജോസഫ് എന്നിവർ പങ്കെടുത്തു.
Read Also: 18 കടന്ന് ടിപിആർ; നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി പാലക്കാട് ജില്ലാ ഭരണകൂടം







































