കാഞ്ഞങ്ങാട്: മൂന്നു ദിവസത്തെ ഇടവേളക്ക് ശേഷം കാഞ്ഞങ്ങാട് നഗരത്തിൽ വീണ്ടും മോഷണം. നയാബസാറിൽ പ്രവർത്തിക്കുന്ന മെജസ്‌റ്റിക് മൊബൈൽ ഷോപ്പിലും, അലാമിപ്പള്ളി ബസ് സ്‌റ്റാൻഡിന് സമീപത്തെ നീതി മെഡിക്കൽ സ്‌റ്റോറിലുമാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. മോഷണത്തിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മൊബൈൽ ഫോണുകളും പണവും കവർന്നിട്ടുണ്ട്.
മടിക്കൈ കാഞ്ഞിരപ്പൊയിൽ സ്വദേശിയായി സത്താറിന്റെ ഉടമസ്‌ഥതയിലുള്ള മൊബൈൽ ഷോപ്പിൽ നിന്ന് ഏതാണ് 15 ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ കവർച്ച നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക കണക്കുകൾ. അടുത്തിടെ സ്‌റ്റോക്ക് ചെയ്‌ത മൊബൈൽഫോണുകൾ, ലാപ്‌ടോപ്പുകൾ, പ്രൊജക്‌ടറുകൾ, സർവീസിന് ഏൽപ്പിച്ച ഫോണുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയാണ് കവർച്ച ചെയ്‌തത്. നീതി മെഡിക്കൽ സ്‌റ്റോറിന്റെ മേശയിൽ സൂക്ഷിച്ചിരുന്ന 70,000 രൂപയാണ് നഷ്‌ടപെട്ടത്.
ഒരേ സംഘമാണ് രണ്ട് കവർച്ചക്കും പിന്നില്ലെന്നാണ് കാഞ്ഞങ്ങാട് പോലീസിന്റെ നിഗമനം. കോട്ടച്ചേരി കോപറേറ്റിവ് ബാങ്ക് സെക്രട്ടറി മുരളീധരന്റെയും മൊബൈൽ ഷോപ്പ് ഉടമ സത്താറിന്റെയും പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. കാസർഗോഡ് നിന്നെത്തിയ വിരലടയാള വിദഗ്‌ധ ആർ രജിതയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ഇതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നടക്കുന്ന ഏഴാമത്തെ കവർച്ചയാണിത്.
Read Also: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 133.80 അടിയായി ഉയർന്നു









































