കവരത്തി : ഇന്ന് ഉച്ചയോടെ ആരംഭിക്കാനിരുന്ന ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ ദ്വീപ് സന്ദർശനം ഒരു ദിവസത്തേക്ക് നീട്ടി. ഇന്ന് രാവിലെ അഹമ്മദാബാദിൽ നിന്നും കൊച്ചിയിലെത്തിയ ശേഷം, ഉച്ചയോടെ ദ്വീപിലേക്ക് യാത്ര തിരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഔദ്യോഗിക തിരക്കുകളുടെ ഭാഗമായി ഇന്ന് രാത്രിയോടെ മാത്രമേ അദ്ദേഹം കൊച്ചിയിൽ എത്തുകയുള്ളൂ. തുടർന്ന് നാളെ രാവിലെ അദ്ദേഹം ദ്വീപ് സന്ദർശനത്തിനായി കൊച്ചിയിൽ നിന്നും യാത്ര തിരിക്കും.
നാളെ രാവിലെയോടെ കൊച്ചിയിൽ നിന്നും അഗത്തിയിലേക്കാണ് അദ്ദേഹം പോകുക. ഒരാഴ്‌ച നീളുന്ന സന്ദർശന പരിപാടിയിൽ അദ്ദേഹം ഭരണ പരിഷ്‌കാരങ്ങളുടെ പുരോഗതി വിലയിരുത്തും. ദ്വീപിൽ അദ്ദേഹത്തിനെതിരെ നടക്കാനുള്ള പ്രതിഷേധ പരിപാടികൾ കണക്കിലെടുത്ത് വൈ കാറ്റഗറി സുരക്ഷയാണ് പ്രഫുൽ പട്ടേലിന് ഒരുക്കുന്നത്.
സന്ദർശനത്തെ തുടർന്ന് ദ്വീപിലെ വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിലും അദ്ദേഹം പങ്കെടുക്കും. എയർഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിലാണ് നേരത്തെ അദ്ദേഹം സന്ദർശനങ്ങൾ നടത്തിയിരുന്നത്. എന്നാൽ വലിയ സാമ്പത്തിക ധൂർത്ത് വാർത്തയായതോടെ ഇത്തവണ പ്രത്യേക വിമാനയാത്ര ഒഴിവാക്കിയിട്ടുണ്ട്.
Read also : കാസർഗോഡ് ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് വൻ കവര്‍ച്ച







































