ന്യൂഡെൽഹി: രണ്ടാം തരംഗം തുടരുമ്പോഴും വീണ്ടുമൊരു തരംഗത്തിന്റെ വ്യക്തമായ സൂചനയെന്നോണം കേരളത്തിൽ കോവിഡ് വ്യാപനം കൂടിയതായി കേന്ദ്രം. സംസ്ഥാനത്ത് ഒരു കോവിഡ് രോഗിയിൽ നിന്ന് 1.2 ശതമാനം ആളുകളിലേക്കാണ് ഇപ്പോൾ വൈറസ് പകരുന്നത്. വൈറസിന്റെ വ്യാപനനിരക്ക് ഏറ്റവും കൂടുതൽ കേരളത്തിലാണെന്ന് നീതി ആയോഗ് അംഗം ഡോ.വികെ പോൾ പറഞ്ഞു.
കോവിഡ് അതിവേഗം കൂടിക്കൊണ്ടിരിക്കുന്ന 22 ജില്ലകളിൽ ഏഴെണ്ണം കേരളത്തിലാണ്. ആലപ്പുഴ, മലപ്പുറം, കോട്ടയം, തൃശൂർ, വയനാട്, എറണാകുളം, പത്തനംതിട്ട എന്നിവയാണ് ഈ ജില്ലകൾ. ബാക്കി പതിനഞ്ച് ജില്ലകൾ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലാണ്.
കഴിഞ്ഞ നാലാഴ്ചയായി ഈ ജില്ലകളിൽ രോഗം വൻതോതിൽ കൂടി. ജൂൺ 28 മുതലുള്ള നാലാഴ്ചത്തെ കണക്കനുസരിച്ച് മലപ്പുറത്ത് 59 ശതമാനവും തൃശൂരിൽ 47 ശതമാനവും എറണാകുളത്ത് 46 ശതമാനവും കോട്ടയത്ത് 63 ശതമാനവും വർധനയുണ്ടായി. ഈ പശ്ചാത്തലത്തിൽ രോഗം നിയന്ത്രിക്കാൻ സംസ്ഥാനവുമായി നിരന്തര സമ്പർക്കത്തിലാണെന്ന് ആരോഗ്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലെ മരണനിരക്ക് ആശ്വസിക്കാവുന്ന തോതിലാണെങ്കിലും വൈറസിന്റെ അതിവേഗവ്യാപനം ആശങ്കയുണ്ടാക്കുന്നുണ്ട്. വൈറസിന് വീണ്ടും വകഭേദം സംഭവിച്ചേക്കാം. സമീപ ജില്ലകളിലും രോഗം കൂടാൻ ഇടയുണ്ട്. രോഗം വളരെ കുറഞ്ഞിരുന്ന അവസ്ഥയിൽ നിന്നാണ് ഈ വർധനവ് ഉണ്ടായത് എന്നതാണ് ആശങ്കക്ക് കാരണമാകുന്നത്. അനാവശ്യ യാത്രകൾ, ആൾകൂട്ടം, ആഘോഷം എന്നിവ ഒഴിവാക്കണം. വലിയ കൂടിച്ചേരലുകൾക്ക് സമയമായിട്ടില്ല. രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് ഓർക്കണമെന്നും ഡോ.പോൾ നിർദ്ദേശിച്ചു.
Also Read: ‘വാക്സിൻ’ പ്രതിരോധം ആശങ്കയിൽ; ദീർഘ ഫലപ്രാപ്തി ചോദ്യചിഹ്നം








































