ലണ്ടൻ: അസ്ട്രാസെനക (കോവിഷീൽഡ്), ഫൈസർ വാക്‌സിനുകൾ കോവിഡിനെതിരെ ദീർഘകാല പ്രതിരോധ ശേഷി നൽകാനുള്ള സാധ്യതയെ ചോദ്യം ചെയ്യുന്ന പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് ലാൻസെറ്റ് മെഡിക്കൽ ജേണലാണ്. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടൻ (യുസിഎൽ) ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഇൻഫോർമാറ്റിക്‌സിൽ നിന്നുള്ള മധുമിത ഷ്‌റോത്രിയുടെ പ്രസ്‌താവനയും സമാനമാണ്.
അസ്ട്രാസെനകയും (കോവിഷീൽഡ്), ഫൈസർ വാക്‌സിനും രണ്ട് ഡോസുകൾ എടുത്തുകഴിഞ്ഞവരിൽ ആന്റിബോഡിയുടെ അളവ് തുടക്കത്തിൽ വളരെ ഉയർന്നതായിരുന്നു. എന്നാൽ, രണ്ട് മൂന്ന് മാസത്തിനിടയിൽ ഈ അളവ് ഗണ്യമായി കുറഞ്ഞതായി ഞങ്ങൾ കണ്ടെത്തി –മധുമിത ഷ്‌റോത്രി വ്യക്‌തമാക്കുന്നു.
ഇതുതന്നെയാണ് ലാൻസെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലും പറയുന്നത്. 2–3 മാസത്തിനുമാസത്തിന് ശേഷം പ്രതിരോധ ശേഷിയിലെ അളവ് പകുതിയിൽ താഴെയാകും. ഇത് തുടർന്നാൽ വാക്‌സിൻ ഉറപ്പു നൽകുന്ന പ്രതിരോധശേഷി സംശയത്തിലാകും. പ്രത്യേകിച്ചും, പുതിയ കോവിഡ് വകഭേദങ്ങൾക്ക് എതിരെയുള്ള ഫലപ്രാപ്‌തി ചോദ്യചിഹ്‌നമാകും.
പക്ഷെ ലാൻസെറ്റ് പറയുന്നു; ‘വൈറസ് ബാധ പ്രവേശിക്കുന്നത് തടയാൻ ഇരു വാക്‌സിനുകൾക്കും ഇപ്പോൾ കഴിയുന്നുണ്ട്‘. പ്രതിരോധ ശേഷി മെച്ചപ്പെടുത്താനുള്ള ബൂസ്‌റ്റർ ഡോസ് ആവശ്യമാണെന്ന നിഗമനത്തിലേക്കാണ് ഈ റിപ്പോർട്ട് വിരൽചൂണ്ടുന്നത്. 70 വയസ് കഴിഞ്ഞവർക്കും കോവിഡ് പിടിപെടാൻ ഏറെ സാധ്യതയുള്ളവർക്കും ബൂസ്‌റ്റർ ഡോസിൽ മുൻഗണന നൽകണമെന്നും യുകെയിൽ നടത്തിയ പഠനത്തിലൂടെ ഗവേഷകർ ശുപാർശ ചെയ്യുന്നു.
പ്രതിരോധശേഷി അളവ് കുറയുന്നതിന്റെ ക്ളിനിക്കൽ പ്രത്യാഘാതങ്ങൾ ഇതുവരെ വ്യക്‌തമായിട്ടില്ലെന്നും പഠനം പറയുന്നുണ്ട്. വാക്‌സിനെടുത്തു കഴിഞ്ഞ 600ലധികം ആളുകളിൽ നിന്നുള്ള ഡാറ്റയുടെ അടിസ്‌ഥാനത്തിലാണ് ഗവേഷണം നടന്നതും ഫലം പ്രസിദ്ധീകരിച്ചതും.
Most Read: കോവിഡ് കാലത്ത് അനാഥരായ എല്ലാ കുട്ടികളെയും പിഎം കെയേഴ്‌സിൽ ഉൾപ്പെടുത്തണം; സുപ്രീം കോടതി