ന്യൂഡെൽഹി: ബിഎസ്എഫ് ഡയറക്‌ടർ ജനറലായിരുന്ന രാകേഷ് അസ്‌താനയുടെ ഡെൽഹി പോലീസ് കമ്മീഷണറായുള്ള നിയമനത്തിന് എതിരെ പ്രമേയം പാസാക്കി ഡെൽഹി നിയമസഭ. രാകേഷ് അസ്‌താനയുടെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡെൽഹി സർക്കാർ നിയമസഭയിൽ പ്രമേയം പാസാക്കിയത്.
രാകേഷ് അസ്‌താനയുടെ നിയമനത്തിന് എതിരെ കോൺഗ്രസും രംഗത്തെത്തിയിരുന്നു. വിരമിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ അസ്‌താനയെ കമ്മീഷണറായി നിയമിക്കുകയും പിന്നീട് കാലാവധി നീട്ടി നൽകുകയും ചെയ്‌തത് സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്ന വാദമാണ് കോൺഗ്രസും ആം ആദ്‌മി പാർടിയും ഉയർത്തുന്നത്.
വിരമിക്കാൻ മൂന്നു ദിവസം ബാക്കി നിൽക്കേയാണ് രാകേഷ് അസ്‌താനയുടെ പുതിയ നിയമനം. ഗുജറാത്ത് കേഡറിൽനിന്നുള്ള 1984 ബാച്ച് ഐപിഎസ് ഉദ്യോഗസ്‌ഥനാണ് രാകേഷ് അസ്‌താന.
2019 ജനുവരിയിൽ സിബിഐ സ്‌പെഷ്യൽ ഡയറക്‌ടറായിരിക്കേ അന്നത്തെ മേധാവി അലോക് വർമയുമായി കൊമ്പ് കോർത്തതിനെ തുടർന്ന് വർമയ്‌ക്കൊപ്പം സിബിഐയിൽ നിന്നു പുറത്തുപോയ അസ്‌താനയെ പിന്നീട് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഡയറക്‌ടർ ജനറലായി നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും അടുത്ത ബന്ധമുള്ള ഐപിഎസ് ഉദ്യോഗസ്‌ഥനാണ് രാകേഷ് അസ്‌താന.
Most Read: ഇൻഷുറൻസ് കമ്പനികളുടെ സ്വകാര്യവൽകരണം; ഭേദഗതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം





































