അബുദാബി: കോവിഡ് വ്യാപനത്തെ തുടർന്ന് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് യാത്രക്കാർക്ക് പ്രവേശനം അനുവദിച്ച് യുഎഇ. താമസ വിസയുള്ള, രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച ആളുകൾക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. ഈ മാസം 5ആം തീയതി മുതൽ ഇത്തരത്തിലുള്ള യാത്രക്കാർക്ക് യുഎഇയിൽ പ്രവേശനം അനുവദിക്കും.
ദേശീയ ദുരന്ത നിവാരണ സമിതിയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. അതേസമയം വിസിറ്റിംഗ് വിസയുള്ള യാത്രക്കാർക്ക് നിലവിൽ യുഎഇയിൽ പ്രവേശനം അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയ സാഹചര്യത്തിൽ ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് 5ആം തീയതി മുതൽ യുഎഇയിൽ പ്രവേശിക്കാൻ സാധിക്കും.
കോവിഡ് വാക്സിന്റെ രണ്ട് ഡോസ് സ്വീകരിക്കുന്നതിനൊപ്പം തന്നെ രണ്ടാം ഡോസ് സ്വീകരിച്ച ശേഷം 14 ദിവസങ്ങൾ കഴിഞ്ഞാൽ മാത്രമേ യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ. കൂടാതെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കയ്യിൽ കരുതുകയും വേണം. കഴിഞ്ഞ ഏപ്രിൽ 25ആം തീയതി മുതലാണ് ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് പശ്ചാത്തലത്തിൽ നേരിട്ടുള്ള പ്രവേശനത്തിന് യുഎഇ വിലക്ക് ഏർപ്പെടുത്തിയത്. താമസ വിസയുള്ളവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാമെന്ന യുഎഇയുടെ നിലവിലെ തീരുമാനം പ്രവാസികള്‍ക്ക് വലിയ ആശ്വാസം നല്‍കും.
Read also : ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ സ്വർണ ബിസ്കറ്റ് പിടികൂടി; ഒരാൾ അറസ്റ്റിൽ








































