എൺപത് വയസെന്ന് കേൾക്കുമ്പോൾ വാർധക്യസഹജമായ അസുഖങ്ങളുമായി വീടിനുള്ളിൽ കഴിയുന്ന ഒരു രൂപമാകും പലരുടെയും മനസിലേക്ക് വരിക. എന്നാൽ, യൂട്ടയിലെ ലേയ്‌റ്റ്‌സണിൽ നിന്നുള്ള കരോൾ മുത്തശ്ശി നിങ്ങളുടെ ചിന്തകളെ തിരുത്തി കുറിക്കും.
തന്റെ 83ആം വയസിൽ കരോൾ മുത്തശ്ശി നേടിയിരിക്കുന്നത് കരാട്ടെ ബ്‌ളാക്ക് ബെൽറ്റ് ആണ്. ആള് ചില്ലറക്കാരിയല്ലെന്ന് മനസിലായില്ലേ. അതുകൊണ്ട് തന്നെ ‘കരാട്ടെ മുത്തശ്ശി’യെന്ന ഓമനപ്പേരും കരോളിന് സ്വന്തമായി.
റിട്ടയർമെന്റ് ജീവിതം ആരംഭിച്ച ശേഷമാണ് കരോൾ കരാട്ടെയിലേക്ക് തിരിഞ്ഞത്. കഴിഞ്ഞ പതിനഞ്ച് വർഷത്തെ കരോളിന്റെ അഭ്യാസം കണ്ട് പ്രായം പോലും ചൂളിപ്പോയി എന്ന് വേണം പറയാൻ. ഏറെ ആയാസം വേണ്ട ശാരീരിക അഭ്യാസങ്ങൾ ആരോഗ്യപരമായ ബുദ്ധിമുട്ടുണ്ടാകില്ലേ എന്ന് ചോദിക്കുന്നവരോട് താൻ മുൻകാലങ്ങളേക്കാൾ കരുത്തയാണെന്ന മറുപടിയാണ് കരോൾ കരുതിവെച്ചിരിക്കുന്നത്.
പതിനൊന്ന് വയസുകാരിയായ കൊച്ചുമകളുടെ കരാട്ടെ ക്‌ളാസ് കണ്ടപ്പോൾ തോന്നിയ ഇഷ്‌ടത്തിലാണ് കരോൾ പഠനം ആരംഭിച്ചത്. 60 വയസ് കഴിയുമ്പോൾ മുൻപ് ചെയ്‌തിട്ടില്ലാത്ത പല കാര്യങ്ങളും ചെയ്യാൻ പരിശ്രമിക്കുന്നത് തലച്ചോറിനെ ആക്‌ടീവായി നിലനിർത്താൻ സഹായിക്കുമെന്നാണ് കരോൾ മുത്തശ്ശി പറയുന്നത്.
അതുകൊണ്ടാണ് കൊച്ചുമകൾക്കൊപ്പം കരാട്ടെ പരിശീലിക്കാൻ തുടങ്ങിയത്. കഴിഞ്ഞ ദിവസം ലാസ്‌വേഗാസില്‍ വെച്ച് നടന്ന യുണൈറ്റഡ് ഫൈറ്റിങ്ങ് ആര്‍ട്ട്‌സ് ഫെഡറേഷന്‍ ഇന്റര്‍നാഷണൽ കൺവെൻഷനിൽ വെച്ചാണ് കരോൾ ഫിഫ്‌ത്ത് ഡിഗ്രി ബ്‌ളാക്ക് ബെല്‍റ്റ് കരസ്‌ഥമാക്കിയത്.
കരാട്ടെയിലെ ഫുട്വർക്ക്, ഫോക്കസിങ്, ടാർഗറ്റിങ്, സ്‌റ്റാൻസസ് തുടങ്ങിയ വിദ്യകളെല്ലാം കരോൾ അഭ്യസിച്ചിരുന്നു. കൺവെൻഷനിൽ ഇവ പ്രദർശിപ്പിക്കുകയും ചെയ്‌തു. അമേരിക്കന്‍ അഭിനേതാവും ആയോധന കലയില്‍ വിദഗ്‌ധനുമായ ചക് നോസറിസാണ് കരോളിന് ബ്‌ളാക്ക് ബെല്‍റ്റ് സമ്മാനിച്ചത്.
ബെൽറ്റ് വാങ്ങിയെന്ന് കരുതി ഇനി വീട്ടിൽ തന്നെ ഒതുങ്ങി കൂടാൻ കരോളിന് പറ്റില്ല. പഠനം കഴിഞ്ഞ് സ്വന്തമായി കരാട്ടെ ക്‌ളാസും കരോൾ നടത്തുന്നുണ്ട്. ജീവിതത്തെ തുറന്ന മനസോടെ കാണാനുള്ള മനോഭാവമാണ് ഈ പ്രായത്തിലും ചുറുചുറുക്കോടെ ഇരിക്കാൻ തന്നെ സഹായിക്കുന്നതെന്ന് കരോൾ പറഞ്ഞു.
Also Read: രാജ്യത്തിന്റെ ശബ്‌ദത്തിനെതിരെ കേന്ദ്രത്തിന്റെ ഉപകരണമാണ് പെഗാസസ്; രാഹുല്‍ ഗാന്ധി










































