കൊച്ചി: അസിസ്റ്റന്റ് എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സ്വര്‍ണക്കടത്ത് അന്വേഷണം താല്കാലികമായി നിര്‍ത്തി വെച്ചു. മുഖ്യപ്രതി കെ.ടി റമീസിനെ ചോദ്യം ചെയ്യാന്‍ തയാറെടുക്കവേയാണ് അന്വേഷണം പാതി വഴിയില്‍ മുടങ്ങിയത്. കോവിഡ് ബാധിച്ച തെലങ്കാന സ്വദേശിയായ ഉദ്യോഗസ്ഥന് വെള്ളിയാഴ്ച രാത്രി ശക്തമായ പനി അനുഭവപ്പെട്ടു. തുടര്‍ന്ന് ഞായറാഴ്ച സ്രവ പരിശോധനക്ക് വിധേയനായി. തിങ്കളാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്.
ഇദ്ദേഹം വെള്ളിയാഴ്ച കൊച്ചിയിലുള്ള ഇ.ഡി ഓഫീസില്‍ എത്തിയിരുന്നു. അതിനാല്‍ ഓഫീസ് പൂട്ടിയിടുകയും അണുനശീകരണം നടത്തുകയും ചെയ്തു. ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും കോവിഡ് പരിശോധന നടത്തി. ഫലം നെഗറ്റീവ് ആണ്. എങ്കിലും, ഓഫീസിലെ ഡ്രൈവര്‍മാരും സെക്യൂരിറ്റി ജീവനക്കാരും ഉള്‍പ്പെടെ എല്ലാവരും നിരീക്ഷണത്തില്‍ കഴിയുകയാണ്.
ഇ.ഡി ഓഫീസ് എപ്പോള്‍ തുറക്കുമെന്നും എന്ന് വരെയാണ് ഉദ്യോഗസ്ഥരുടെ ക്വാറന്റീന് എന്നും വ്യക്തമല്ല. സെപ്റ്റംബര്‍ 9, 10, 11 എന്നീ തീയതികളിലായി ബിനീഷ് കോടിയേരി, കെ.ടി ജലീല്‍ എന്നിവരെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഇവര്‍ ക്വാറന്റീനില്‍ കഴിയണോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.
കോവിഡ് ബാധിച്ച ഉദ്യോഗസ്ഥന്റെ രോഗവിവരം കളക്ടറേറ്റില്‍ നിന്ന് ഔദ്യോഗികമായി ഇ.ഡി അധികൃതരെ അറിയിച്ചില്ല. കോവിഡ് പരിശോധന നടത്തിയ സ്വകാര്യ ലാബില്‍ ഫലം അറിയാന്‍ വിളിച്ചപ്പോള്‍ കളക്ടറേറ്റിലേക്ക് കൈമാറി അവിടുന്ന് അറിയിക്കും എന്നാണ് പറഞ്ഞത്. എന്നാല്‍,ഉദ്യോഗസ്ഥനെ മാത്രം പരിശോധനാഫലം അറിയിക്കുകയും മുറിയില്‍ തന്നെ ഇരിക്കണമെന്ന് നിര്‍ദ്ദേശിക്കുകയുമാണ് ആരോഗ്യവകുപ്പ് ചെയ്തത്.








































