കാഞ്ഞങ്ങാട്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ബിഎസ്എൻഎൽ മൊബൈൽ ടവർ പൊളിച്ചുമാറ്റി. ഇതുമൂലം നെറ്റ്വർക്ക് കിട്ടാതെ നൂറുകണക്കിന് വിദ്യാർഥികൾക്കാണ് ഓൺലൈൻ പഠനം പ്രതിസന്ധിയിലായിരിക്കുന്നത്. ടവർ പൊളിച്ചുമാറ്റിയതോടെ കാഞ്ഞങ്ങാട് സൗത്ത്, ആറങ്ങാടി, നിലാങ്കാര, മാതോത്ത്, കൊവ്വൽ സ്റ്റോർ എന്നീ പ്രദേശങ്ങളിലാണ് സിഗ്നൽ ലഭിക്കാതെ പ്രതിസന്ധിയിൽ ആയിരിക്കുന്നത്.
കുട്ടികൾക്ക് ഓൺലൈൻ ക്ളാസുകളും, ഓണ പരീക്ഷകളും നടക്കുന്ന സമയത്താണ് ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. പകരം സംവിധാനം കാണാതെ ജനങ്ങളെ ബുന്ധിമുട്ടിലാക്കുന്ന നയമാണ് അധികൃതർ സ്വീകരിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. കാഞ്ഞങ്ങാട് സൗത്തിലെ കെട്ടിടത്തിന് മുകളിലായിരുന്നു ടവർ സ്ഥാപിച്ചിരുന്നത്. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കെട്ടിടം പൊളിക്കേണ്ടി വന്നതോടെ ടവറും പോളിച്ചു മാറ്റുകയായിരുന്നു.
വഴിമുട്ടി നിൽക്കുന്ന വിദ്യാർഥികളുടെ പഠനത്തിന് ശ്വാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപെട്ടു. അതേസമയം, സ്വകാര്യ മൊബൈൽ കമ്പനികളുടെ ടവർ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കാറ്റാടി കൊളവയലിൽ ജനകീയ കർമസമിതി രൂപീകരിച്ചു. ഇന്ന് മുതൽ ടവർ നിർമാണത്തിനെതിരെ പത്തുപേർ ചേർന്ന് റിലേ സമരവും നടത്തും. നിലവിൽ മൊബൈൽ ടവർ വന്നാൽ 80 കുടുംബങ്ങൾക്ക് ഭീഷണിയാകുമെന്നാണ് നാട്ടുകാർ പറയുന്നത്. ആൾതാമസമില്ലാത്ത ഭാഗങ്ങളിൽ ടവർ നിർമിക്കുന്നതിന് എതിരല്ലെന്നും നാട്ടുകാർ പറഞ്ഞു.
Read Also: കാട്ടുപണികളെ കൊല്ലുന്നതിന് സമിതി; നെൻമാറയിൽ നടപടികൾ തുടങ്ങി