വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത് വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കാതുവാകുല രണ്ടു കാതൽ’ ഷൂട്ടിംഗ് അവസാന ഘട്ടത്തിൽ. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റി വച്ചിരുന്നു.
തുടർന്ന് കഴിഞ്ഞ വർഷം ആഗസ്റ്റിൽ നിബന്ധനകളോടെ ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തിന്റെ അവസാന ഷെഡ്യൂളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. അടുത്ത ആഴ്ചയോടെ ചിത്രീകരണം പൂർത്തിയാക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
എന്നാൽ ഇതുവരെയും റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല. ചിത്രം ഒടിടി പ്ളാറ്റ്ഫോമിലൂടെ റിലീസ് ചെയ്യാനുള്ള സാധ്യയുണ്ടെന്ന് വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നുണ്ട്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
വിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമാണിത്. വിജയ് സേതുപതിക്കൊപ്പം രണ്ട് മുൻനിര നായികമാർ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ആദ്യമായാണ് സാമന്തയും, നയൻതാരയും ഒരുമിച്ച് അഭിനയിക്കുന്നത്. സെവൻ സ്ക്രീൻ സ്റ്റുഡിയോസും വിഘ്നേശ് ശിവന്റെ റൗഡി പിക്ചേഴ്സും ചേർന്നാണ് നിർമാണം. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.
Read Also: ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങി ഷമി; ഇന്ത്യക്ക് വിജയപ്രതീക്ഷ







































