വയനാട്: ഓണക്കാലം ആയിട്ടും അവശ്യ സർവീസുകൾ അല്ലാത്ത കടകൾ തുറക്കാൻ അനുമതി ലഭിക്കാത്തതിൽ വേറിട്ട പ്രതിഷേധവുമായി വ്യാപാരികൾ. ടൗണിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും അടച്ചിട്ടായിരുന്നു വ്യാപാരികളുടെ പ്രതിഷേധം. റോഡിൽ കുത്തിയിരുന്ന വ്യാപാരികൾ മണിക്കൂറുകളോളം മുദ്രാവാക്യം വിളിച്ചു. 100 ദിവസത്തിലേറെയായി അടഞ്ഞുകിടക്കുന്ന സ്‌ഥാപനങ്ങൾ ഈയാഴ്‌ച തുറക്കാൻ അനുമതി വേണമെന്നായിരുന്നു ആവശ്യം.
കോവിഡ് രണ്ടാംതരംഗത്തിൽ ജില്ലയിൽ ഏറ്റവുമധികം ദുരിതത്തിലായത് അമ്പലവയലിലെ വ്യാപാരി സമൂഹമാണ്. കഴിഞ്ഞ 100 ദിവസങ്ങൾക്കിടെ ടൗണിലെ ചില കടകൾ തുറന്നത് അഞ്ചു ദിവസത്തിൽ താഴെ മാത്രമാണ്. മുമ്പുണ്ടായിരുന്നതും ഇപ്പോൾ പുതുക്കിയതുമായ മാനദണ്ഡങ്ങളനുസരിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അമ്പലവയൽ പഞ്ചായത്തിനെ വരിഞ്ഞുമുറുക്കി.
ഓണക്കാലത്തെങ്കിലും ടൗൺ ഉൾപ്പെടുന്ന പ്രദേശങ്ങൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തി തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ നിരന്തരം ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടു വരികയായിരുന്നു. എന്നിട്ടും അനുകൂല തീരുമാനം ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് മുഴുവൻ കടകളും അടച്ചിട്ട് പ്രതിഷേധിക്കാൻ തീരുമാനിച്ചത്.
പലചരക്ക്, പച്ചക്കറി, മൽസ്യ-മാംസ മാർക്കറ്റ്, നിത്യോപയോഗ സാധനങ്ങൾ ഉൾപ്പടെ വിൽക്കുന്ന മുഴുവൻ സ്‌ഥാപനങ്ങളും അടച്ചു. തുറന്ന കടകളിലെത്തി സമരത്തോട് സഹകരിക്കാൻ ആവശ്യപ്പെട്ടു. മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള കടകളെല്ലാം ഉച്ചയോടെ അടച്ചു. പിന്നീട് വ്യാപാരികൾ പ്ളക്കാർഡുകളുമായി റോഡിൽ കുത്തിയിരുന്നു. മഴയെപോലും വകവെക്കാതെ ഒട്ടേറെ വ്യാപാരികൾ മണിക്കൂറുകളോളം സമരം തുടർന്നു.
തങ്ങളുടെ ആവശ്യത്തിൽ തീരുമാനമാകുംവരെ എല്ലാ കടകളും അടച്ചിടാനാണ് നിശ്‌ചയിച്ചിരിക്കുന്നത് എന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് ജനറൽസെക്രട്ടറി എകെ അബ്‌ദുൾ ഹക്കീം പറഞ്ഞു.
Most Read: ഉത്തര മലബാറിന്റെ വികസനകുതിപ്പ്; കോലത്തുനാട് വൈദ്യുതി പാക്കേജ് അന്തിമഘട്ടത്തിൽ







































