മലപ്പുറം: ഹരിതക്കെതിരായ നടപടിയിൽ എംഎസ്എഫിൽ ഉൾപ്പോര് മുറുകുന്ന സാഹചര്യത്തിൽ പ്രതികരണവുമായി സംസ്ഥാന പ്രസിഡണ്ട് പികെ നവാസ് രംഗത്ത്. തനിക്ക് ഒരു തെറ്റും പറ്റിയിട്ടില്ലെന്ന് നവാസ് പറയുന്നു. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ ക്ഷമാപണം നടത്താൻ മടിയില്ല. ആരുടേയും പെട്ടിപിടുത്തക്കാരനായി പദവിയിൽ കടിച്ചുതൂങ്ങാൻ താൽപര്യമില്ലെന്നും നവാസ് പറഞ്ഞു. കൊളത്തൂർ മൗലവി അനുസ്മരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു നവാസ്.
അതേസമയം, ഹരിതക്കെതിരായ മുസ്ലിം ലീഗ് നടപടിയെ തുടർന്ന് എംഎസ്എഫിലുണ്ടായ പൊട്ടിത്തെറികള്‍ തുടരുകയാണ്. പികെ നവാസിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കമ്മറ്റികളും രംഗത്തുണ്ട്. ഹരിത നേതാക്കളെ സംരക്ഷിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി 11 ജില്ലാ കമ്മറ്റികൾ ലീഗ് നേതൃത്വത്തിന് കത്ത് നൽകി.
സംസ്ഥാന സീനീയര്‍ വൈസ് പ്രസിഡണ്ട് എപി അബ്ദു സമദിന് പിന്നാലെ സംസ്ഥാന, ജില്ലാ ഭാരവാഹിത്വം വഹിക്കുന്ന കൂടുതൽ പേർ രാജിക്കൊരുങ്ങുകയാണ്. അച്ചടക്ക നടപടിക്കെതിരെ ഹരിത നേതാക്കളും പരസ്യപ്രതികരണം നടത്തും.
Also Read: സുനന്ദ പുഷ്കറിന്റെ മരണം; ശശി തരൂർ കുറ്റവിമുക്തൻ







































