ന്യൂഡെൽഹി: വിൽപനയ്ക്ക് എത്തുന്നതിന് മുൻപ് തന്നെ രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ തരംഗം സൃഷ്ടിച്ച കമ്പനിയാണ് ഒല. ബുക്കിംഗ് ആരംഭിച്ച് വെറും 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം ബുക്കിംഗ് സ്വീകരിച്ച നേട്ടവും കമ്പനിക്ക് നേരത്തെ സ്വന്തമാക്കിയിരുന്നു.
ഇപ്പോഴിതാ പുതിയ എസ്1, എസ്1 പ്രോ എന്നിവയുടെ വിൽപന 2021 സെപ്റ്റംബർ എട്ട് മുതൽ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചിരിക്കുകയാണ്. വിപണിയിൽ ഓഗസ്റ്റ് 15ന് അവതരിപ്പിച്ചതിന് ശേഷം ഒല ഇലക്ട്രിക്കിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്.
രണ്ട് വേരിയന്റുകളിലായി പുറത്തിറക്കിയ സ്കൂട്ടർ സവിശേഷമായ പല കാരണങ്ങളാലാണ് വ്യത്യസ്തമാകുന്നത്. 99,999 രൂപ മുതൽ 129,999 രൂപ വരെയാണ് ഈ സ്കൂട്ടറുകൾക്കായി മുടക്കേണ്ട എക്സ് ഷോറൂം വില.
എന്നാൽ വിവിധ സംസ്ഥാന സർക്കാർ ഇൻസെന്റീവുകൾ, രജിസ്ട്രേഷൻ, ഇൻഷുറൻസ് എന്നിവയ്ക്ക് ഉൾപ്പെടെ അനുവദിക്കുന്ന ആനുകൂല്യങ്ങൾ കണക്കാക്കുമ്പോൾ വില ഇതിലും കുറയും.
രാജ്യത്തെ 1,000 നഗരങ്ങളിലും പട്ടണങ്ങളിലും വിതരണം ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചത്. താൽപര്യമുള്ള ഉപഭോക്താക്കൾക്ക് അതുവരെ 499 രൂപയുടെ പ്രീ-ബുക്കിംഗ് തുക നൽകി ഒരു യൂണിറ്റ് ബുക്ക് ചെയ്യാനും സാധിക്കും.
Read Also: വേണു സംവിധാനം ചെയ്യുന്ന ‘കാപ്പ’യിൽ പൃഥ്വിരാജ് നായകനായെത്തും








































