ന്യൂഡെൽഹി: കോവിഡിന്റെ മൂന്നാം തരംഗം സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് കൂടുതൽ സംരക്ഷണം നൽകാനൊരുങ്ങി രാജ്യം. സെപ്റ്റംബർ മാസത്തോടെ കുട്ടികളിൽ വിതരണം ചെയ്യാനുള്ള വാക്‌സിൻ തയ്യാറായേക്കും. നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്‌ടർ പ്രിയ എബ്രഹാമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
രാജ്യത്ത് നിലവിൽ 2 വയസ് മുതൽ 18 വയസ് വരെയുള്ള കുട്ടികളിൽ വിതരണം ചെയ്യാനുള്ള കൊവാക്‌സിന്റെ മൂന്നാം ഘട്ട ക്ളിനിക്കൽ പരീക്ഷണങ്ങൾ നടക്കുകയാണെന്നും പ്രിയ എബ്രഹാം വ്യക്‌തമാക്കി. ഇതിനൊപ്പം കുട്ടികളിലെ വാക്‌സിനേഷൻ അനുമതിക്കായി കാത്തിരിക്കുന്ന മറ്റൊരു വാക്‌സിന്‍ സൈഡസ് കാഡിലയാണ്. സൈഡസ് കാഡിലയുടെ ക്ളിനിക്കല്‍ പരീക്ഷണങ്ങള്‍ നടക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
കൂടാതെ ഒരാൾക്ക് രണ്ട് വ്യത്യസ്‍ത കോവിഡ് വാക്‌സിനുകൾ രണ്ട് ഡോസായി നൽകിയ സാംപിളുകൾ എൻഐവി പരിശോധിച്ചതായും, പരിശോധനയിൽ യാതൊരു പാര്‍ശ്വ ഫലവും റിപ്പോര്‍ട് ചെയ്യപ്പെട്ടില്ലെന്നും വാക്‌സിന്‍ സ്വീകരിച്ചവര്‍ സുരക്ഷിതരാണെന്നും പ്രിയ എബ്രഹാം പറഞ്ഞു. ഒപ്പം നിലവിൽ ബൂസ്‌റ്റർ ഡോസുകൾ നൽകുന്നതിനോട് ഡബ്ള്യുഎച്ച്ഒ ആഭിമുഖ്യം കാട്ടുന്നില്ലെന്നും, എന്നാൽ ഭാവിയിൽ ഇത് ഉറപ്പായും വരുമെന്ന പ്രതീക്ഷയും അവർ കൂട്ടിച്ചേർത്തു.
Read also: താലിബാനെ പിന്തുണച്ചെന്ന് ആരോപണം; സമാജ് വാദി എംപിക്കെതിരെ രാജ്യദ്രോഹകേസ്









































