കോഴിക്കോട്: പൊതുവഴികളും ഇടവഴികളുമെല്ലാം വൃത്തിയാക്കുന്നത് ദിനചര്യയാക്കി മാറ്റിയ ഒരാളുണ്ട് കോഴിക്കോട് ഫറോക്കിൽ. ചെനപ്പറമ്പിലെ റോഡുകളും ഇടവഴികളുമെല്ലാം ഏതുസമയത്തും സൂപ്പർ ക്ളീൻ ആയിരിക്കുന്നതിന് പിന്നിൽ മനഴി പ്രഭാകരൻ എന്ന 60കാരന്റെ സേവന മനസ് മാത്രമാണ്.
ദിവസവും രാവിലെ ആറ് മണി മുതല്‍ ഏഴ് വരെ ഇദ്ദേഹം ഈ വഴികളിൽ ഉണ്ടാവും. ചെനപ്പറമ്പ് കിളിയൻകണ്ടി റോഡും അനുബന്ധ വഴികളും അടിച്ചുവാരി വൃത്തിയാക്കിയിടും.
ഇദ്ദേഹം പുലര്‍ച്ചെ റോഡ് വൃത്തിയാക്കി വീട്ടിലെത്തിയതിന് ശേഷമാണ് നാട്ടുകാരിൽ അധികം പേരും ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി പുറത്തിറങ്ങാറ്. അതിനാല്‍, വഴികള്‍ വൃത്തിയായി ഇരിക്കുന്നതിന് പിന്നിൽ പ്രഭാകരേട്ടൻ ആണെന്ന് പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം.
എന്നാൽ പ്രഭാകരേട്ടന് അതിൽ ഒരു സങ്കടവുമില്ല. തുണിത്തരങ്ങൾ വിറ്റുകിട്ടുന്ന പണം കൊണ്ട് ഉപജീവനമാർഗം കണ്ടെത്തുന്ന ഇദ്ദേഹം ഈ ശീലം ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല. പത്ത് വർഷത്തിലേറെയായി പ്രഭാകരേട്ടൻ ഈ സേവനം തുടരുന്നു. മഴയും വെയിലും വന്നാലും മുടങ്ങാതെ തന്റെ പ്രവൃത്തി ചെയ്യുന്ന ഇദ്ദേഹം ഏവർക്കും ഒരു മാതൃക തന്നെയാണ്.
Most Read: കൂട് ‘നെയ്യുന്ന’ ടൈലർബേർഡ്; കൗതുകം നിറച്ച് വീഡിയോ







































