മസ്‍കറ്റ്: ഒമാനില്‍ അടുത്ത മാസം ഒന്നാം തീയതി മുതല്‍ പൊതു സ്‌ഥലങ്ങളിലെ പ്രവേശനം വാക്‌സിനെടുത്തവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനം. ഇത് സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസം സുപ്രീം കമ്മിറ്റി പുറത്തിറക്കി. അതേസമയം ഒമാനിൽ ഏർപ്പെടുത്തിയിരുന്ന രാത്രികാല ലോക്ക്ഡൗൺ നാളെ അവസാനിക്കും.
രാജ്യത്തെ സർക്കാർ ഓഫിസുകൾ, സ്വകാര്യ സ്‌ഥാപനങ്ങൾ, വാണിജ്യ കോംപ്ളക്‌സുകൾ, റെസ്‌റ്റോറന്റുകൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങിയവയിൽ പ്രവേശിക്കുന്നതിന് വാക്‌സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. കൂടാതെ സാംസ്‍കാരിക, കായിക പരിപാടികളില്‍ പങ്കെടുക്കുന്നതിനും കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണം.
ഒമാനിലേക്ക് കര, വ്യോമ, സമുദ്ര മാര്‍ഗങ്ങളിലൂടെ പ്രവേശിക്കുന്നവര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരിക്കണം. 18 വയസിന് മുകളിലുള്ളവര്‍ക്കാണ് ഈ നിബന്ധന ബാധകം.
ഇതിന് പുറമെ രാജ്യത്തെത്തിയ ഉടന്‍ ആര്‍ടിപിസിആര്‍ പരിശോധനയ്‌ക്ക് വിധേയമാവണം. കോവിഡ് പോസിറ്റീവാണെങ്കില്‍ ഏഴ് ദിവസം ക്വാറന്റെയ്നില്‍ കഴിയണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണമെന്നും അധികൃതർ വ്യക്‌തമാക്കി.
അതേസമയം കോവിഡ് വ്യാപനത്തെ തുടർന്ന് ഒമാനിൽ ഏർപ്പെടുത്തിയിരുന്ന രാത്രികാല ലോക്ക്ഡൗൺ നാളെ അവസാനിക്കും. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളുടെ ഭാഗമായാണ് രാത്രികാല ലോക്ക്ഡൗൺ പിൻവലിക്കാൻ തീരുമാനിച്ചത്. ലോക്ക്ഡൗൺ ഇളവ് ലഭിച്ചതോടെ രാത്രി സമയങ്ങളിലെ വ്യാപാര സ്‌ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനും ജനങ്ങളുടെ സഞ്ചാരത്തിനും ഇപ്പോഴുള്ള നിയന്ത്രണം ഇല്ലാതാകും.
Most Read: ‘ആ പറഞ്ഞതിന്റെ അർഥം അതല്ല’; കുണ്ടറ പീഡന കേസിൽ എകെ ശശീന്ദ്രന് ക്ളീൻചിറ്റ്






































