ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് 168 ഇന്ത്യക്കാരുമായി വ്യോമസേനാ വിമാനം പുറപ്പെട്ടു. കാബൂളിൽ നിന്ന് രാവിലെ തിരിച്ച സി-17 വിമാനം ഗാസിയാബാദിലെ വ്യോമസേനാ താവളത്തിലിറങ്ങും. അതേസമയം, അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിയ 222 പേരെയും വഹിച്ചുള്ള രണ്ട് വിമാനങ്ങൾ ഡെൽഹിയിൽ എത്തി.
വ്യോമസേനയുടെ ഒരു വിമാനവും എയർ ഇന്ത്യയുടെ ഒരു വിമാനവുമാണ് രാജ്യത്ത് എത്തിയത്. താജിക്കിസ്‌ഥാനിൽ നിന്നും ഖത്തറിൽ നിന്നുമാണ് വിമാനങ്ങൾ എത്തിയത്. ഇന്ത്യക്കാർക്കൊപ്പം രണ്ട് നേപ്പാൾ പൗരൻമാരെയും തിരിച്ചെത്തിച്ചു. അമേരിക്കൻ വിമാനങ്ങളിൽ ദോഹയിൽ എത്തിയ 135 പേരാണ് മടങ്ങിയത്. രക്ഷാദൗത്യം തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, കാബൂൾ വിമാനത്താവള പരിസരത്ത് സ്‌ഥിതിഗതികൾ അതീവ ഗുരുതരമെന്ന് അമേരിക്ക അറിയിച്ചു. അമേരിക്കൻ പൗരൻമാർ ഒറ്റക്ക് സഞ്ചരിച്ച് വിമാനത്താവളത്തിൽ എത്താൻ ശ്രമിക്കരുതെന്ന് യുഎസ് എംബസി മുന്നറിയിപ്പ് നൽകി. താലിബാൻ പ്രതികാര നടപടികളിലേക്ക് കടക്കുന്നു എന്ന യുഎൻ രഹസ്യാന്വോഷണ റിപ്പോർട് പുറത്ത് വന്നതോടെ മറ്റു രാജ്യങ്ങൾ പൗരൻമാരെ അഫ്‌ഗാനിൽ നിന്നും ഒഴിപ്പിക്കുന്നത് വേഗത്തിൽ ആക്കിയിരിക്കുകയാണ്. താലിബാൻ വഴി തടയുന്നതിനാൽ പലർക്കും കാബൂളിൽ എത്തിച്ചേരാൻ കഴിയാത്ത സ്‌ഥിതിയുമുണ്ട്.
Most Read: കോവിഡ് വാക്‌സിൻ ബൂസ്‌റ്റർ ഡോസ് തൽക്കാലം ഉണ്ടാവില്ല; കേന്ദ്രസർക്കാർ






































