മലപ്പുറം: എംഎസ്എഫ് സംസ്‌ഥാന നേതൃത്വത്തിന്റെ സ്‌ത്രീവിരുദ്ധ പരാമർശത്തിൽ ഹരിത ഉന്നയിച്ച പരാതിയിൽ സ്വാഭാവിക നീതി കിട്ടിയില്ലെന്ന് പറഞ്ഞ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്‌ലിയക്ക് എതിരെ നടപടിക്ക് സാധ്യത. ‘ഹരിത’ വിവാദത്തില്‍ നടത്തിയ വാർത്താ സമ്മേളനം മുന്‍നിര്‍ത്തിയാണ് മുസ്‌ലിം ലീഗ് നടപടിക്കൊരുങ്ങുന്നത്.
ആരോപണ വിധേയനായ എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പികെ നവാസിനെതിരെ നടപടിയെടുക്കുന്നതിനൊപ്പം ഫാത്തിമക്കെതിരേയും നടപടി പ്രഖ്യാപിക്കാനാണ് സാധ്യത. നിലവിൽ പികെ നവാസിനെതിരെ ആരോപണം ഉയര്‍ത്തിയ ഹരിതയുടെ പ്രവര്‍ത്തനം മരവിപ്പിച്ചിരിക്കുകയാണ് നേതൃത്വം. അതേസമയം, അത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തില്‍ ഫാത്തിമക്കെതിരെ കൂടി നടപടിയെടുക്കുന്നത് പ്രതികൂലമായേക്കാം എന്ന അഭിപ്രായവും ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്.
ഓഗസ്‌റ്റ് 18നാണ് ‘ഹരിത’ വിവാദത്തിൽ തങ്ങളുടെ ഭാഗം വിശദമാക്കി ഫാത്തിമ തഹ്‌ലിയ കോഴിക്കോട് പ്രസ് ക്ളബിൽ വാർത്താ സമ്മേളനം നടത്തിയത്. എംഎസ്എഫ് സംസ്‌ഥാന നേതൃത്വത്തിന്റെ സ്‌ത്രീവിരുദ്ധ പരാമർശത്തിൽ ഹരിത ഉന്നയിച്ച പരാതിയിൽ സ്വാഭാവിക നീതി കിട്ടിയില്ലെന്നും നടപടിയെടുക്കും മുമ്പ് മുസ്‌ലിം ലീഗ് ഹരിതയുടെ വിശദീകരണം കേട്ടില്ലെന്നും അവർ പറഞ്ഞിരുന്നു. ഹരിത മുസ്‌ലിം ലീഗിന് തലവേദനയാണെന്ന പരാമർശങ്ങൾ വേദന ഉണ്ടാക്കുന്നു. നിരന്തരമായ അസ്വസ്‌ഥത കാരണം ആണ് വനിതാ കമ്മീഷന് പരാതി നൽകിയത്. പാർടി വേദിയിൽ പറഞ്ഞിട്ട് നടപടി വൈകിയതിനാലാണ് വനിതാ കമ്മീഷനെ സമീപിച്ചത്.
അതിന്റെ പേരിൽ സമൂഹ മാദ്ധ്യമങ്ങൾ വഴി ഇപ്പോഴും വ്യക്‌തിഹത്യ നടത്തുന്നുണ്ട്. ഒരുപാട് പ്രയാസങ്ങളിലൂടെയാണ് ഇപ്പോഴും കടന്നു പോകുന്നത്. ഇപ്പോഴും പാർടിയിൽ പ്രതീക്ഷയുണ്ട്. സഹിക്കുന്നതിന്റെ അങ്ങേയറ്റം സഹിച്ചു. സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയവർക്ക് കിട്ടിയ സ്വാഭാവിക നീതി ഹരിതക്ക് കിട്ടാത്തതിൽ വേദനയുണ്ട്. ഹരിത മരവിപ്പിച്ച നടപടിയിൽ സങ്കടം ഉണ്ടെന്നും ഫാത്തിമ പറഞ്ഞിരുന്നു.
Most Read: 15 നേതാക്കളുടെ പേരിൽ വ്യാജകേസ് ഉണ്ടാക്കാൻ കേന്ദ്ര ഏജൻസികളുടെ ശ്രമം; മനീഷ് സിസോദിയ