ടോക്യോ: പാരാലിമ്പിക്സിൽ മെഡൽവേട്ട തുടർന്ന് ഇന്ത്യ. ഹൈജമ്പിൽ രണ്ട് മെഡലുകൾ കൂടി സ്വന്തമാക്കി മുന്നോട്ട് കുതിക്കുകയാണ് ഇന്ത്യൻ താരങ്ങൾ. ഹൈജമ്പ് ടി 63 വിഭാഗത്തിൽ മാരിയപ്പൻ തങ്കവേലു വെള്ളി നേടി. 2016 റിയോ പാരാലിമ്പിക്സിലെ സ്വർണനേട്ടം ആവർത്തിക്കാൻ കഴിഞ്ഞില്ലെന്ന നിരാശയും മാരിയപ്പനുണ്ട്. 1.86 മീറ്റർ ദൂരം ചാടിയാണ് മാരിയപ്പൻ വെള്ളിമെഡൽ നേടിയത്.
മാരിയപ്പനൊപ്പം മൽസരിച്ച ഇന്ത്യൻ താരം ശരത് കുമാറിനാണ് വെങ്കലം. ശരത് കുമാർ 1.83 മീറ്റർ താണ്ടി. മറ്റൊരു ഇന്ത്യൻ താരം വരുൺ ഭട്ടി ഏഴാം സ്ഥാനവും ഉറപ്പിച്ചു. കനത്ത മഴ തടസമായെങ്കിലും മികച്ച രീതിയിൽ തന്നെയാണ് ഹൈജമ്പ് മൽസരം അവസാനിച്ചത്.
ഇതോടെ ഇന്ത്യയുടെ ടോക്യോ പാരാലിമ്പിക്സ് മെഡൽ നില 10 ആയി. 2 സ്വർണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യയുടെ നേട്ടം. നേരത്തെ, പുരുഷൻമാരുടെ 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച്1 വിഭാഗത്തിൽ സിംഘ് രാജ് അധാന വെങ്കലം നേടിയിരുന്നു. 216.8 ആണ് സ്കോർ. ഒപ്പം മൽസരിച്ച ഇന്ത്യയുടെ തന്നെ മനീഷ് നർവാൾ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ചൈനീസ് താരങ്ങൾക്കാണ് വെള്ളിയും വെങ്കലവും. യോഗ്യതാ റൗണ്ടിൽ സിംഘ് രാജ് ആറാമതും മനീഷ് ഒന്നാമതുമായിരുന്നു.
2 സ്വർണം ഉൾപ്പെടെ 5 മെഡലുകളാണ് ഇന്ത്യ ഇന്നലെ വിവിധ ഇനങ്ങളിൽ നിന്നായി സ്വന്തമാക്കിയത്. ഷൂട്ടിങ്, ജാവലിൻ ത്രോ, ഡിസ്കസ് ത്രോ എന്നീ മൽസരങ്ങളിലാണ് ഇന്ത്യയുടെ മെഡൽ നേട്ടം
Also Read: ജാലിയൻ വാലാബാഗ് നവീകരണം; ‘രക്തസാക്ഷിത്വത്തിന്റെ അർഥം അറിയാത്തവർക്കേ ഇതിന് കഴിയൂ’








































